കാത്തിരിപ്പിനൊടുവില്‍ 'സെഞ്ച്വറി' തിളക്കത്തില്‍ അര്‍ഷ്ദീപ്; ഇങ്ങനെയൊരു ഇന്ത്യക്കാരന്‍ ആദ്യം
Cricket
കാത്തിരിപ്പിനൊടുവില്‍ 'സെഞ്ച്വറി' തിളക്കത്തില്‍ അര്‍ഷ്ദീപ്; ഇങ്ങനെയൊരു ഇന്ത്യക്കാരന്‍ ആദ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th September 2025, 7:31 am

ഏഷ്യാ കപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഉഗ്രന്‍ ചെറുത്തുനില്‍പ്പ് കാണിച്ച ഒമാനെ 21 റണ്‍സിനാണ് ഇന്ത്യന്‍ സംഘം തോല്‍പിച്ചത്. ആറ്റി കുറുക്കിയ ഇന്നിങ്ങ്‌സുമായി കളം നിറഞ്ഞ സഞ്ജു സാംസണിന്റെ കരുത്തിലാണ് ടീമിന്റെ വിജയം.

ആവേശകരമായ മത്സരം ഒരു ചരിത്ര നേട്ടത്തിന് കൂടിയാണ് സാക്ഷിയത്. ടി – 20യില്‍ ഒരു ഇന്ത്യന്‍ താരം 100 വിക്കറ്റുകള്‍ എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ്. അര്‍ഷ്ദീപ് സിങ്ങാണ് ഈ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.

കുട്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനായി 99 വിക്കറ്റുകളുമായാണ് ഒമാനെതിരെ അര്‍ഷ്ദീപ് സിങ് കളത്തിലിറങ്ങിയത്. ഈ സെഞ്ച്വറി നേട്ടത്തിന് താരത്തിന് ഒരു വിക്കറ്റായിരുന്നു ആവശ്യം. സുവര്‍ണ നേട്ടത്തിന് വേണ്ട അതേ വിക്കറ്റ് തന്നെ സ്വന്തമാക്കിയാണ് ഇടം കൈയ്യന്‍ ബൗളര്‍ ചരിത്രം കുറിച്ചത്. അവസാന ഓവറില്‍ വിനായക് ശുക്ലയുടെ വിക്കറ്റ് വീഴ്ത്തിയതിലൂടെയാണ് താരം ഈ നേട്ടത്തിലെത്തിയത്.

 

2025ലെ ഏഷ്യാ കപ്പിലെ തന്റെ മത്സരത്തില്‍ തന്നെയാണ് താരം ഈ നേട്ടത്തില്‍ സ്വന്തം പേര് കുറിച്ചത്. ഒമാനെതിരെ നാല് ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് 37 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയതും ചരിത്രമെഴുതിയതും.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – 63 – 100

യൂസ്വേന്ദ്ര ചഹല്‍ – 79 – 96

ഹര്‍ദിക് പാണ്ഡ്യ – 104 – 95

ജസ്പ്രീത് ബുംറ – 71 – 92

ഭുവനേശ്വര്‍ കുമാര്‍ – 86 – 90

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സില്‍ കരുത്തനായത് അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവാണ്. 45 പന്തില്‍ മൂന്ന് വീതം സിക്സും ഫോറുമടക്കം 56 റണ്‍സാണ് സ്വന്തമാക്കിയത്. കടുത്ത ചൂടില്‍ രണ്ടാം ഓവറില്‍ എത്തി 18ാം ഓവറുവരെ പിടിച്ച് നിന്നായിരുന്നു താരത്തിന്റെ പ്രകടനം.

സഞ്ജുവിന് പുറമെ, അഭിഷേക് ശര്‍മയും തിലക് വര്‍മയും അക്സര്‍ പട്ടേലും മികച്ച പ്രകടനം നടത്തി. ഓപ്പണര്‍ അഭിഷേക് 15 പന്തില്‍ 38 റണ്‍സാണ് നേടിയത്. തിലക് 18 പന്തില്‍ 29 റണ്‍സ് അടിച്ചപ്പോള്‍ അക്സര്‍ 13 പന്തില്‍ 26 റണ്‍സും സ്‌കോര്‍ ചെയ്തു.

ഒമാനായി ഫൈസല്‍ ഷാ, ജിതന്‍ കുമാര്‍ രമാനന്ദി, ആമിര്‍ കലീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കൂടാതെ രണ്ട് സൂപ്പര്‍ റണ്‍ ഔട്ടുകളും ഒമാനില്‍ നിന്നുണ്ടായി.

മറുപടി ബാറ്റിങ്ങില്‍ ഒമാന് അതിവേഗം സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനായിരുന്നു. അവര്‍ക്കായി മികച്ച പ്രകടനം നടത്തിയത് ആമിര്‍ കലീമാണ്. താരം 46 പന്തില്‍ 64 റണ്‍സാണ് സ്വന്തമാക്കി. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഒപ്പം, ഹമ്മാദ് മിര്‍സയും ജതീന്ദര്‍ സിങ്ങും മികച്ച ബാറ്റിങ് പുറത്തെടുത്തു. മിര്‍സ 33 പന്തില്‍ 51 റണ്‍സ് എടുത്തപ്പോള്‍ ജതീന്ദര്‍ 33 പന്തില്‍ 32 റണ്‍സും നേടി.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപിന് പുറമെ ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവരും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlight: India vs Oman: Arshdeep Singh completed 100 wickets in T20I for India