ചറപറാ വൈഡ് എറിഞ്ഞതിന്റെ ചീത്തപ്പേര് ഒറ്റയടിക്ക് മാറ്റി; ഐ.പി.എല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും സെഞ്ച്വറി
IPL
ചറപറാ വൈഡ് എറിഞ്ഞതിന്റെ ചീത്തപ്പേര് ഒറ്റയടിക്ക് മാറ്റി; ഐ.പി.എല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും സെഞ്ച്വറി
ആദര്‍ശ് എം.കെ.
Thursday, 16th April 2026, 9:42 pm

ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവുമായി പഞ്ചാബ് കിങ്‌സ് പേസര്‍ അര്‍ഷ്ദീപ് സിങ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഹോം ടീമിനെതിരെ നടക്കുന്ന മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെയാണ് അര്‍ഷ്ദീപ് ഈ നേട്ടത്തിലെത്തിയത്.

മുംബൈ ഇന്ത്യന്‍സ് ഇന്നിങ്‌സിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ റിയാന്‍ റിക്കല്‍ടണിനെ മടക്കിയാണ് അര്‍ഷ്ദീപ് ഈ നേട്ടം സ്വന്തമാക്കിയത്. എട്ട് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെ മുംബൈ ഓപ്പണറെ ശശാങ്ക് സിങ്ങിന്റെ കൈകളിലെത്തിച്ച് അര്‍ഷ്ദീപ് ഇന്നിങ്‌സിലെ ആദ്യ വിക്കറ്റും ഐ.പി.എല്‍ കരിയറിലെ നൂറാം വിക്കറ്റും സ്വന്തമാക്കി.

ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് സ്വന്തമാക്കുന്ന 31ാം താരമാണ് അര്‍ഷ്ദീപ്.

കരിയറിലെ 86ാം ഇന്നിങ്‌സിലാണ് അര്‍ഷ്ദീപ് നൂറ് ഐ.പി.എല്‍ വിക്കറ്റ് എന്ന കരിയര്‍ മൈല്‍സ്റ്റോണിലെത്തിയത്. 27.04 എന്ന മികച്ച ശരാശരിയിലും 17.98 സ്‌ട്രൈക് റേറ്റിലും പന്തെറിഞ്ഞ അര്‍ഷ്ദീപ് രണ്ട് തവണ ഫോര്‍ഫറും ഒരു തവണ ഫൈഫറും സ്വന്തമാക്കിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ നൂറാം വിക്കറ്റ് വീഴ്ത്തിയതോടെ ഒരു റെക്കോഡും അര്‍ഷ്ദീപ് സ്വന്തമാക്കി. ഐ.പി.എല്ലിലും അന്താരാഷ്ട്ര തലത്തിലും നൂറ് വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടവും അര്‍ഷ്ദീപ് തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു. ഈ നേട്ടത്തിലെത്തുന്ന നാലാമത് മാത്രം ബൗളറാണ് അര്‍ഷ്ദീപ്.

ഐ.പി.എല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും 100 വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാര്‍

(താരം – ഐ.പി.എല്‍ വിക്കറ്റ് – അന്താരാഷ്ട്ര വിക്കറ്റ് എന്നീ ക്രമത്തില്‍)

റാഷിദ് ഖാന്‍ – 163 – 193

ലസിത് മലിംഗ – 183 – 107

ജസ്പ്രീത് ബുംറ 170 – 121

അര്‍ഷ്ദീപ് സിങ് – 102 – 127*

മുംബൈയ്‌ക്കെതിരെ റിക്കല്‍ടണ് പുറമെ മറ്റ് രണ്ട് വിക്കറ്റുകള്‍ കൂടി അര്‍ഷ്ദീപ് സ്വന്തമാക്കിയിരുന്നു.

അതേസമയം, വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി.

60 പന്ത് നേരിട്ട് പുറത്താകാതെ 112 റണ്‍സാണ് ഡി കോക്ക് സ്വന്തമാക്കിയത്. എട്ട് ഫോറും ഏഴ് സിക്‌സറും അടക്കം 186.67 എന്ന സ്‌ട്രൈക് റേറ്റിലായിരുന്നു ഡി കോക്കിന്റെ വെടിക്കെട്ട്.

സൗത്ത് ആഫ്രിക്കന്‍ കരുത്തന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ നമന്‍ ധിറിന്റെ ഇന്നിങ്‌സും മുംബൈയ്ക്ക് കരുത്തായി. 31 പന്ത് നേരിട്ട് 50 റണ്‍സടിച്ചാണ് നമന്‍ മടങ്ങിയത്. 14 റണ്‍സടിച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈ നിരയിലെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടി. മാര്‍കോ യാന്‍സെനും ശശാങ്ക് സിങ്ങും ഒരോ വിക്കറ്റ് നേടിയപ്പോള്‍ തിലക് വര്‍മ റണ്‍ ഔട്ടായും മടങ്ങി.

 

Content Highlight: Arshdeep Singh completed 100 wickets in IPL and International Cricket

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.