വൈകാരികമായ കഥാപാത്രമായിരുന്നു തുടരും സിനിമയില്‍ താന്‍ അവതരിപ്പിച്ച മേരി എന്ന കഥാപാത്രമെന്ന് നടി ആര്‍ഷ ബൈജു. പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിച്ച ചിത്രമാണ് തുടരുമെന്നും നടി പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു ആര്‍ഷ.
‘വളരെ വൈകാരികമായ കഥാപാത്രമായിരുന്നു മേരി. ക്ലൈമാക്‌സിലെ ട്വിസ്റ്റ് മേരിയിലൂടെയാണ് പറയുന്നത്. അത് സിനിമയില്‍ വളരെ പ്രധാന്യമുള്ള വേഷമാണ്. തരുണ്‍ ചേട്ടന്‍ നന്നായി ബ്രീഫ് ചെയ്ത് തന്നിരുന്നു. അതുകൊണ്ട് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ സാധിച്ചു. ലാലേട്ടനൊപ്പവും ശോഭനാ മാമിനൊപ്പവുമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ രസകരമായിരുന്നു,’ ആര്‍ഷ പറയുന്നു.
അത്രയും വലിയ കലാകാരന്മാരോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്നും അവരൊക്കെ വളരെ കുളാണെന്നും ആര്‍ഷ പറഞ്ഞു. തരുണ്‍, ആവറേജ് അമ്പിളി കണ്ട് തന്നെ അഭിനന്ദിച്ചിരുന്നുവെന്നും അങ്ങനെയാണ് തുടരും സിനിമയിലേക്ക് എത്തുന്നതെന്നും ആര്‍ഷ കൂട്ടിച്ചേര്‍ത്തു.
‘കലയായിരുന്നു എന്റെ ഇഷ്ട മേഖല. ചെറുപ്പം മുതലേ ശാസ്ത്രീയ സംഗീതവും നൃത്തവും പഠിച്ചിട്ടുണ്ട്. അന്നൊക്കെ ഞാന്‍ ഒരു നര്‍ത്തകി ആവുമെന്നാണ് വിചാരിച്ചിരുന്നത്. അച്ഛനും അമ്മയും ചെറുപ്പം മുതലേ എനിക്ക് ഇഷ്ടമുള്ള കലകളെല്ലാം പരിശീലിപ്പിക്കുമായിരുന്നു. പിന്നെ ഞാന്‍ പഠിച്ച മാന്നാറിലെ ശ്രീ ഭുവനേശ്വരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പഠനത്തോടൊപ്പം കുട്ടികളുടെ കലാവാസനയ്ക്കും തുല്യ പ്രാധാന്യം നല്‍കിയിരുന്ന സ്‌കൂളായിരുന്നു. എന്റെ അമ്മ അവിടത്തെ ടീച്ചറായി രുന്നു. അച്ഛനും അമ്മയും ചേട്ടനും അപ്പൂപ്പനും അടങ്ങുന്നതാണ് എന്റെ കുടുംബം. അവരാണ് എന്റെ പ്രചോദനം,’ ആര്‍ഷ പറയുന്നു.
പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച ആര്‍ഷ 2021ല്‍ കരിക്കിന്റെ ആവറേജ് അമ്പിളി എന്ന മിനി സീരീസില്‍ ടൈറ്റില്‍ റോളിലൂടെ ശ്രദ്ധേയയായി. അഭിനവ് സുന്ദര്‍ നായകിന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലും ആര്‍ഷ നായികയായി എത്തിയിരുന്നു. തുടരുമാണ് ആര്‍ഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം
Content highlight: Arsha Baiju says that the character in the movie “Chalamudha” was an emotional character