അവിടേം ഒന്നാമന്‍ ഇവിടേം ഒന്നാമന്‍; ക്രിസ്തുമസ് രാവില്‍ ഒന്നാമതായി പീരങ്കിപ്പട
Sports News
അവിടേം ഒന്നാമന്‍ ഇവിടേം ഒന്നാമന്‍; ക്രിസ്തുമസ് രാവില്‍ ഒന്നാമതായി പീരങ്കിപ്പട
ആദര്‍ശ് എം.കെ.
Wednesday, 24th December 2025, 9:22 pm

ക്രിസ്തുമസ് രാവില്‍ പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സണല്‍. പ്രീമിയര്‍ ലീഗില്‍ 39 പോയിന്റോടെയും ചാമ്പ്യന്‍സ് ലീഗില്‍ 18 പോയിന്റോടെയുമാണ് ഗണ്ണേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

പ്രീമിയര്‍ ലീഗില്‍ കളിച്ച 17 മത്സരത്തില്‍ നിന്നും 12 വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 39 പോയിന്റാണ് ആഴ്‌സണലിനുള്ളത്. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ മൂന്നിലും വിജയിച്ചാണ് ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 17 മത്സരത്തില്‍ 12 ജയവും നാല് തോല്‍വിയും ഒരു സമനിലയുമായി 37 പോയിന്റാണ് സിറ്റിസണ്‍സിനുള്ളത്.

ആസ്റ്റണ്‍ വില്ല 36 പോയിന്റോടെ മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള ചെല്‍സിക്കും അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂളിനും 29 പോയിന്റാണുള്ളത്. ഗോള്‍ വ്യത്യാസമാണ് ഇരുവരെയും വേര്‍തിരിക്കുന്നത്.

അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച ആറ് മത്സരത്തില്‍ ആറിലും വിജയിച്ചാണ് ആഴ്‌സണല്‍ യൂറോപ്പിന്റെ കിരീടമണിയാന്‍ കുതിക്കുന്നത്. ആറ് മത്സരത്തില്‍ നിന്നും 17 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് വെറും ഒന്ന് മാത്രം.

രണ്ടാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക് ആറ് മത്സരത്തില്‍ അഞ്ചിലും വിജയിച്ചു. പരാജയപ്പെട്ടതാകട്ടെ ആഴ്‌സണലിനോടും.

ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്‌സണല്‍ വിജയം സ്വന്തമാക്കിയത്. യു.സി.എല്ലില്‍ ഇതുവരെ ആഴ്‌സണല്‍ ഗോള്‍ വഴങ്ങിയ ഏക മത്സരവും ഇത് തന്നെ.

ഇതിന് പുറമെ ഇന്ന് നടന്ന ഇ.എഫ്.എല്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍സില്‍ ആഴ്‌സണല്‍ വിജയിച്ചിരുന്നു. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെയാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു ഗണ്ണേഴ്‌സിന്റെ വിജയം.

മത്സരത്തിന്റെ 80ാം മിനിട്ടില്‍ ക്രിസ്റ്റല്‍ പാലസ് താരത്തിന്റെ പിഴവില്‍ ലഭിച്ച സെല്‍ഫ് ഗോളില്‍ ആഴ്‌സണല്‍ മുമ്പിലെത്തിയെങ്കിലും ആഡ് ഓണ്‍ ടൈമിന്റെ അഞ്ചാം മിനിട്ടില്‍ ഈഗിള്‍സ് ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 8-7നാണ് ആഴ്‌സണല്‍ വിജയിച്ചത്.

പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 27നാണ് ആഴ്‌സണല്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ബ്രൈറ്റണാണ് എതിരാളികള്‍. ലണ്ടനാണ് വേദി.

ജനുവരി 21നാണ് ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണല്‍ കളത്തിലിറങ്ങുന്നത്. മിലാനിലെ സാന്‍ സിറോയില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഇന്റര്‍ മിലാനാണ് എതിരാളികള്‍. ആറ് മത്സരത്തില്‍ നാല് ജയവും രണ്ട് തോല്‍വിയുമായി 12 പോയിന്റോടെ ആറാം സ്ഥാനത്താണ് ഇന്റര്‍.

അടുത്ത യു.സി.എല്‍ മത്സരത്തിന് മുമ്പ് പ്രീമിയര്‍ ലീഗില്‍ നാല് മത്സരങ്ങള്‍ ആഴ്‌സണല്‍ കളിക്കും. ഒപ്പം എഫ്.എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ പോര്‍ട്‌സ്മൗത്തിനെയും ഇ.എഫ്.എല്‍ കപ്പിന്റെ ആദ്യ പാദ സെമിയില്‍ ചെല്‍സിയെയും ആഴ്‌സണല്‍ നേരിടും.

 

Content Highlight: Arsenal tops both Premier League and UCL points table

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.