ലണ്ടന്‍ ഈസ് റെഡ്; ടോട്ടനത്തിനോട് അടിപതറാതെ ഗണ്ണേഴ്സ്
Football
ലണ്ടന്‍ ഈസ് റെഡ്; ടോട്ടനത്തിനോട് അടിപതറാതെ ഗണ്ണേഴ്സ്
ഫസീഹ പി.സി.
Monday, 23rd February 2026, 10:07 am

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെ ആഴ്സണല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ടോട്ടനത്തിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളാണ് ടീമിന്റെ വിജയം.

എബെറെച്ചി എസെയുടെയും വിക്ടര്‍ ഗ്യോക്കറസിന്റെയും കരുത്തിലാണ് ടീം ജയിച്ചത്. ഇതോടെ തങ്ങളുടെ പോയിന്റ് 61 ആക്കി ഉയര്‍ത്താന്‍ ടീമിന് സാധിച്ചു. ഒപ്പം രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കുകയും ചെയ്തു.

ടോട്ടനത്തെ തകര്‍ത്താത്തതോടെ തുടര്‍ച്ചയായ അഞ്ചാം ലണ്ടന്‍ ഡര്‍ബി വിജയമാണ് ഗണ്ണേഴ്സ് നേടിയെടുത്തത്. 2023 സെപ്റ്റംബറിന് ശേഷം എല്ലാ മത്സരത്തിലും ആഴ്‌സണൽ ടോട്ടനത്തെ തോൽപ്പിച്ചിരുന്നു.

2023 സെപ്റ്റംബറിൽ ഇരു ടീമുകളും പ്രീമിയർ ലീഗിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിലായിരുന്നു അവസാനിച്ചത്. ടോട്ടനവും ആഴ്‌സണലും രണ്ട് വീതം ഗോളുകളാണ് അടിച്ചത്. പിന്നീട് നടന്ന എല്ലാ മത്സരത്തിലും വിജയികളായാണ് ഗണ്ണേഴ്സ് തിരിച്ച് കയറിയത്.

പ്രീമിയര്‍ ലീഗില്‍ 2024 ഏപ്രിലാണ് ടോട്ടന്‍ഹാമും ആഴ്‌സണലും ഈ സമനിലക്ക് ശേഷം നേര്‍ക്കുനേര്‍ വരുന്നത്. അതില്‍ ഗണ്ണേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചു. ആ വര്‍ഷം സെപ്റ്റംബറില്‍ സ്വന്തം തട്ടകത്തില്‍ വെച്ച് ടീം ജയം ആവര്‍ത്തിച്ചു.

ആഴ്‌സണൽ. Photo: Goaldata – Arsenal Zone/x.com

ഈ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആഴ്‌സണലിന്റെ വിജയം. 2025 ജനുവരിയിൽ ഏറ്റുമുട്ടിയപ്പോളും ടീം മുട്ടുമടക്കാന്‍ തയ്യാറായിരുന്നില്ല. ഇത്തവണത്തെ വിജയം ഒന്നിനെതിരെ രണ്ട് എന്ന നിലയിലായിരുന്നു.

പിന്നീട് കഴിഞ്ഞ നവംബറിലും ഇപ്പോള്‍ കഴിഞ്ഞ ദിവസവും ടോട്ടനവും ആഴ്‌സണലും നേര്‍ക്കുനേര്‍ വന്നു. ഇരു മത്സരങ്ങളിലും നാല് ഗോള്‍ ഗണ്ണേഴ്സ് അടിച്ചപ്പോള്‍ സ്പര്‍സിന് ഒരിക്കല്‍ മാത്രമാണ് വല കുലുക്കാന്‍ സാധിച്ചത്.

അതേസമയം, മത്സരത്തില്‍ എബെറെച്ചി എസെയും വിക്ടര്‍ ഗ്യോക്കറസും ഇരട്ട ഗോളുകള്‍ നേടി. 32, 61 മിനിട്ടുകളിലായിരുന്നു എസെയുടെ ഗോളുകള്‍. ഗ്യോക്കറസാകട്ടെ 47, 90+ 4 മിനിട്ടുകളിലും പന്ത് വലയിലെത്തിച്ചു. റാന്‍ഡല്‍ കൊളോ മുവാനിയാണ് സ്പര്‍സിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 34ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

Content Highlight: Arsenal registered their fifth consecutive London Derby win against Tottenham Hotspur

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി