കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയോടുള്ള വെല്ലുവിളി; ചിലയിടങ്ങളില്‍ ഇത്തരം വെല്ലുവിളികള്‍ വര്‍ധിക്കുന്നു: കെ.സി.ബി.സി
Kerala
കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയോടുള്ള വെല്ലുവിളി; ചിലയിടങ്ങളില്‍ ഇത്തരം വെല്ലുവിളികള്‍ വര്‍ധിക്കുന്നു: കെ.സി.ബി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th July 2025, 5:53 pm

കൊച്ചി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയെ വെല്ലവിളിക്കുന്ന നടപടിയാണെന്നും ഈ വിഷയത്തില്‍ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.സി.ബി.സി.

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും കാണാത്ത പ്രത്യേകതയാണ് ചില സംസ്ഥാനങ്ങളില്‍ കാണുന്നത്. ഛത്തീസ്ഗഢിലും മറ്റ് സമാനമായ സംസ്ഥാനങ്ങളിലും ഇങ്ങനെയുള്ള വെല്ലുവിളികള്‍ വര്‍ധിക്കുകയാണെന്നും കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ കാണാത്ത പ്രത്യേകതയാണ് ഛത്തീസ്ഗഡിലുള്ളത്. അത് ഒരു ആശ്ചര്യമാണ്. അതിനെക്കുറിച്ച് വസ്തുനിഷ്ഠമായി പറയേണ്ടത് സര്‍ക്കാരുകള്‍ തന്നെയാണ്.

സഭയൊന്നായി ഈ വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ട ഭരണാധികളെ അറിയിക്കുകയാണെന്നും വിഷയത്തില്‍ രാജ്യത്തിന്റെ ഭരണാധികാരികള്‍ അടിയന്തരമായി സംസാരിക്കണമെന്നും അതില്‍ ഉറച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനനുസൃതമായ നടപടി ക്രമങ്ങളും സ്വീകരിക്കേണ്ടതുണ്ട്. വിഷയത്തില്‍ ശക്തമായ നടപടികള്‍ ഇനിയും എടുത്തിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ആര്‍ജവം സര്‍ക്കാരുകള്‍ കാണിക്കേണ്ടതുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തിന്റെ സത്യസന്ധതയും ഗൗരവും മനസിലാക്കി ഈ വിഷയം ബന്ധപ്പെട്ടവരേയും പൊതുസമൂഹത്തേയും അറിയിക്കണമെന്നും കര്‍ദിനാള്‍ ക്ലിമിസ് പറഞ്ഞു.

അറസ്റ്റിലായ കന്യാസ്ത്രീകളുടേയും അവരുടെ കുടുംബത്തിന്റേയും ദുഖത്തില്‍ കേരള കത്തോലിക്ക സഭയും മലങ്കര സുറിയാനി കത്തോലിക്ക സഭയും പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Arrest of nuns a challenge to the Constitution; Such challenges are increasing in some states: KCBC