ന്യൂദല്‍ഹി: സംഘര്‍ഷ സാധ്യതയുള്ള അതിര്‍ത്തി മേഖലകളിലെ സര്‍വകലാശാലകളില്‍ നിന്ന് മലയാളികള്‍ വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയിലെ കേരള ഹൗസിലെത്തി. 75 വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലെത്തിയത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്.
ജമ്മു കശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലെത്തിയത്. ഇവര്‍ ഇന്നും നാളെ (ശനി) പുലര്‍ച്ചെയുമായി ട്രെയിനുകളില്‍ നാട്ടിലേക്ക് തിരിക്കും. ഇന്ന് (വെള്ളി) പുലര്‍ച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയത്.
അതിര്‍ത്തി സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ദല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
ഏപ്രില്‍ 22 നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം നടക്കുന്നത്. ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന്‍ ഉള്‍പ്പെടെ 26 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പിന്നീട് കണ്ടെത്തിയിരുന്നു.
ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വളരെ മോശമാകുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്യുകയായിരുന്നു. നിലവില്‍ ഇന്ത്യയുടെ അതിര്‍ത്തി മേഖല കേന്ദ്രീകരിച്ച് പാകിസ്ഥാന്‍ ഷെല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയാണ്. അതേസമയം പാകിസ്ഥാന്‍ ആക്രമണങ്ങളെ ഇന്ത്യന്‍ സേനകള്‍ ശക്തമായി പ്രതിരോധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Around 75 Malayali students from conflict-affected border areas reached Kerala House