ആലപ്പുഴ: അരൂർ- തുരവൂർ ഫ്ലൈ ഓവർ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ച രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കരാർ കമ്പനി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ നൽകുമെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം സ്വീകരിക്കില്ലെന്നും ഇത്തരം അപകടം ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും രാജേഷിന്റെ ബന്ധുക്കൾ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
ഇത് കൂടാതെ ഇന്ന് നടക്കുന്ന സംസ്കാര ചടങ്ങിനാവശ്യമായി അടിയന്തര ധനസഹായമായി 40,000 രൂപ കുടുംബത്തിന് നൽകുമെന്ന് കരാർ കമ്പനി അറിയിച്ചു.
ബിരുദ വിദ്യാർത്ഥിയായ രാജേഷിന്റെ മകന് ജോലി നൽകുമെന്നും കമ്പനി ഉറപ്പുനൽകിയതായും റിപ്പോർട്ടുകളുണ്ട്.
അപകടം വിദഗ്ധസമിതി അന്വേഷിക്കുമെന്ന് എൻ.എച്ച്.എ.ഐ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) പറഞ്ഞു. ഇന്ന് തന്നെ പ്രാഥമിക പരിശോധന നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഡ്രൈവർ മരിച്ചത് നിർഭാഗ്യകരമെന്നും അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും എൻ.എച്ച്.എ.ഐ പറഞ്ഞു.
നിലവിൽ നിർമാണം നടത്തുന്ന കരാർ കമ്പനിക്കെതിരെ അരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം നിയന്ത്രിച്ചിരുന്നുവെന്നും നിയന്ത്രണം മറികടന്നാണ് വാഹനം കടന്നുപോയതെന്നുമായിരുന്നു നിർമാണ കമ്പനിയുടെ വാദം.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അരൂർ തുരവൂർ ഫ്ലൈ ഓവർ നിർമാണത്തിനിടെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് മരണപ്പെട്ടത്.
ഒരു ഗർഡർ പൂർണമായും വാനിന് മുകളിലേക്ക് നിലം പതിച്ചായിരുന്നു അപകടം. എറണാകുളത്തുനിന്നും ആലപ്പുഴയിലേക്ക് ചരക്കുമായി പോകുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് 80 ടൺ ഭാരമുള്ള ഗർഡർ തകർന്നു വീണത്.
ഇത്തരത്തിൽ ഗുരുതരമായ രീതിയിലുള്ള അപകടം ഈ മേഖലയിൽ ഉണ്ടായിട്ടില്ലെന്നും ഗർഡറുകൾ സ്ഥാപിക്കുമ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തിട്ടില്ലെന്നും നാട്ടുകാർ പ്രതികരിച്ചു.
നിർമാണ പ്രവർത്തനം നടക്കുമ്പോൾ വാഹനം മറ്റുവഴികളിലൂടെ കടത്തി വിടാനുള്ള സംവിധാനം ഒരുക്കിയില്ലെന്നും അപകടം നടന്ന സ്ഥലം ടോൾ ബൂത്ത് പണിയാനായുള്ള പ്രധാന ജങ്ഷനാണെന്നും നാട്ടുകാർ പറഞ്ഞു.
Content Highlight: Aroor-Thuravoor accident; Contract company says it will pay Rs 25 lakh compensation to Rajesh’s family