അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് 'വര്‍മ'യില്‍ നിര്‍മാതാക്കള്‍ക്ക് അതൃപ്തി; സംവിധായകനെ മാറ്റി സിനിമ വീണ്ടും ചിത്രീകരിക്കാനൊരുങ്ങുന്നു
Movie Day
അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് 'വര്‍മ'യില്‍ നിര്‍മാതാക്കള്‍ക്ക് അതൃപ്തി; സംവിധായകനെ മാറ്റി സിനിമ വീണ്ടും ചിത്രീകരിക്കാനൊരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th February 2019, 8:02 pm

ചെന്നൈ: പ്രദര്‍ശനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വീണ്ടും ചിത്രീകരിക്കാനൊരുങ്ങി നിര്‍മാതാക്കള്‍. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നിര്‍മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചിത്രം വീണ്ടും നിര്‍മിക്കാന്‍ തീരുമാനിച്ചത്.

വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “വര്‍മ”യുടെ സംവിധായകന്‍ ദേശീയ പുരസ്‌കാര ജേതാവായ ബാലയായിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം സിനിമയുടെ നിലവാരം പോരെന്ന് വിലയിരുത്തിയ നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, പുതിയ അണിയറപ്രവര്‍ത്തകരെ വെച്ച് ചിത്രം വീണ്ടും നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചിത്രത്തില്‍ നിന്ന് ബാല പുറത്താകും. എന്നാല്‍ പുതിയ ചിത്രത്തിലും ധ്രുവ് വിക്രം തന്നെയായിരിക്കും നായകന്‍.

Also Read കുമ്പളങ്ങിയിലെ രാത്രികള്‍ “ആണത്തം” എന്ന വട്ടിനുള്ള കൊട്ട്

“ചിത്രത്തിന്റെ നിലവാരത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. ഇത് പ്രദര്‍ശിപ്പിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു”- നിര്‍മാതാക്കള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പുതിയ ചിത്രം 2019 ജൂണില്‍ തിയ്യേറ്ററുകളിലെത്തുമെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

മേഘ ചൗധരി, ഈശ്വരി റാവു, റെയ്‌സാ വില്‍സണ്‍, ആകാശ് പ്രേം കുമാര്‍ എന്നിവരായിരുന്നു വര്‍മയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് രാധന്‍ ആയിരുന്നു. എം.സുകുമാര്‍ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ധ്രുവിനെ കൂടാതെ പുതിയ ചിത്രത്തില്‍ ആരൊക്കെ ഉണ്ടാവും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല.

പൂര്‍ണമായും പുനര്‍നിര്‍മിക്കാനൊരുങ്ങുന്ന വര്‍മയുടെ ട്രെയ്‌ലര്‍