റോക്കറ്റ് ബോയ്‌സ് എന്ന സീരീസില്‍ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രത്തിലൂടെ മലയാളത്തിലും അര്‍ജുന്‍ തന്റെ സാന്നിധ്യമറിയിച്ചു. ഡിയര്‍ ഫ്രണ്ട്, ഉള്ളൊഴുക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ഐഡന്റിറ്റി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം നടന്‍ കൈകാര്യം ചെയ്തു.അടുത്തിടെ പുറത്തിറങ്ങിയ കേരള ക്രൈം ഫയല്‍സിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
ഹിന്ദിയില്‍ നിന്ന് മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ എന്ത് വ്യത്യാസമാണ് തോന്നിയത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇപ്പോള്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍.
ബോളിവുഡിനെ അപേക്ഷിച്ച് മലയാളം ഇന്‍ഡസ്ട്രില്‍ ഹൈറാര്‍ക്കി കുറവാണെന്നും ആക്‌സസിബിളിറ്റി ഉണ്ടെന്നും അര്‍ജുന്‍ പറയുന്നു. സംവിധായകരെയും മറ്റും സമീപിക്കാന്‍ ഇവിടെ കുറച്ചു കൂടി എളുപ്പമാണെന്നും ഹിന്ദിയിലാണെങ്കില്‍ ഒരുപാട് ഫോര്‍മാലിറ്റീസ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയില്‍ ഹൈറാര്‍ക്കി ഉണ്ടെന്നും അര്‍ജുന്‍ പറയുന്നു. ഒരു പുതുമുഖ നടന്‍ ആണെങ്കില്‍ കൂടി മലയാളത്തില്‍ എത്തിച്ചേരാനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍.
‘മലയാളം ഇന്‍ഡസ്ട്രി മറ്റേതിനെ അപേക്ഷിച്ച് ചെറിയൊരു ഇന്‍ഡസ്ട്രി ആയതുകൊണ്ട് ഇവിടെ ഹൈറാര്‍ക്കി അത്രയും ഇല്ല. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഇവിടെ നമ്മള്‍ക്ക് ആക്‌സസിബിളിറ്റി ഉണ്ട് എന്നതാണ്.നമ്മള്‍ പുതുതായി വന്നൊരാളാണെങ്കില്‍ കൂടി് ഒരു സംവിധായകന്റെ അടുത്തേക്ക് എത്തിപ്പെടാന്‍ സാധിക്കും. ഹിന്ദിയില്‍ കുറെ ഹൈറാര്‍ക്കീസ് ഉണ്ട്. നമ്മള്‍ക്ക് ഒരാളുടെ അടുത്ത് നേരിട്ട് സമീപിക്കണമെങ്കില്‍ ഒരുപാട് ഫോര്‍മാലിറ്റീസ് ഉണ്ട്. മാനേജര്‍, കാസ്റ്റിങ് ഡയറക്ടര്‍ അങ്ങനെ ഒരുപാട് പേരെ കാണേണ്ടതായിട്ടുണ്ട്,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു.
Content Highlight: Arjun Radhakrishnan talks about the Hindi industry and the Malayalam industry