മമ്മൂക്കയുടെയും ഉര്‍വശി ചേച്ചിയുടെയും കൂടെയുള്ള നിമിഷങ്ങള്‍; അതൊരു ഫാന്‍ ബോയ് മൊമന്റ്: അര്‍ജുന്‍ രാധാകൃഷ്ണന്‍
Malayalam Cinema
മമ്മൂക്കയുടെയും ഉര്‍വശി ചേച്ചിയുടെയും കൂടെയുള്ള നിമിഷങ്ങള്‍; അതൊരു ഫാന്‍ ബോയ് മൊമന്റ്: അര്‍ജുന്‍ രാധാകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th July 2025, 1:24 pm

പട, ഡിയര്‍ ഫ്രണ്ട്, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക്, ഐഡന്റിറ്റി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. 2017ല്‍ ശ്രീലാന്‍സര്‍ എന്ന ഹിന്ദി – ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.

റോക്കറ്റ് ബോയ്‌സ് എന്ന വെബ് സീരീസില്‍ എ.പി.ജെ അബ്ദുള്‍ കലാമിനെ അവതരിപ്പിക്കുകയും 2022ല്‍ അമിതാഭ് ബച്ചന്‍ നായകനായ ഝുണ്ട് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. ഉള്ളൊഴുക്ക്, കണ്ണൂര്‍ സ്‌ക്വാഡ് സിനിമകളിലെല്ലാം നെഗറ്റീവ് കഥാപാത്രമായിട്ടാണ് അര്‍ജുന്‍ എത്തിയത്.

ഈയിടെ ഇറങ്ങിയ കേരള ക്രൈം ഫയല്‍സ് 2വില്‍ നായകനായ നോബിള്‍ എന്ന പൊലീസ് കഥാപാത്രത്തെ ആയിരുന്നു നടന്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ചെയ്ത കഥാപാത്രങ്ങളില്‍ സന്തോഷവാനാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍.

‘നല്ല കഥാപാത്രങ്ങള്‍ തേടി വരുന്നു എന്നത് ഒരു ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ഒരുപാട് സിനിമകളൊന്നും എന്നെത്തേടി വരുന്നില്ല. എന്നാല്‍ വരുന്നവ നല്ല സിനിമകളാണ് എന്ന സന്തോഷവും എനിക്കുണ്ട്.

ഒരുപാട് സീനിയര്‍ അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് പറ്റി. മമ്മൂക്കയെയും ഉര്‍വശി ചേച്ചിയെയും പോലെയുള്ള മലയാളത്തിലെ ഏറ്റവും വലിയ അഭിനേതാക്കളുടെ കൂടെ സ്‌ക്രീന്‍ പങ്കിടാനായി.

അതൊക്കെ ഒരു ഫാന്‍ ബോയ് മൊമന്റ് തന്നെയാണ്. അവരെല്ലാം തന്നെ നമ്മളെ പിന്തുണക്കുകയും നല്ല ഉപദേശങ്ങള്‍ തരുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍ അര്‍പ്പിച്ച വിശ്വാസം അതേപോലെ തിരിച്ചു നല്‍കുന്നതാണ് അഭിനേതാവിന്റെ ഉത്തരവാദിത്വം. അത് സാധിക്കുന്നതില്‍ സന്തോഷം.

ഇതുവരെ വര്‍ക്ക് ചെയ്ത സംവിധായകരെല്ലാം പുതിയ ജനറേഷനില്‍പ്പെട്ടവരാണ്. അവരുടെ ആദ്യത്തെയോ രണ്ടാമത്തെയോ സിനിമയാണ്. അഹമ്മദിന്റെ നാലാമത്തേത്. അവരെല്ലാം നല്ല രീതിയില്‍ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരുകയും നമ്മളെ സമ്മര്‍ദത്തിലാക്കാതെ അഭിനയിപ്പിക്കുകയും ചെയ്യുന്നു,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു.

Content Highlight: Arjun Radhakrishnan Talks About Mammootty And Urvashi