മലയാള സിനിമകള്‍ പാന്‍ ഇന്ത്യ ലെവലില്‍ ശ്രദ്ധിക്കാൻ തുടങ്ങിയത് ഒ.ടി.ടിക്ക് ശേഷം: അർജുൻ രാധാകൃഷ്ണന്‍
Kerala Crime Files Season 2
മലയാള സിനിമകള്‍ പാന്‍ ഇന്ത്യ ലെവലില്‍ ശ്രദ്ധിക്കാൻ തുടങ്ങിയത് ഒ.ടി.ടിക്ക് ശേഷം: അർജുൻ രാധാകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th July 2025, 10:15 pm

പട, ഡിയര്‍ ഫ്രണ്ട്, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക്, ഐഡന്റിറ്റി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. 2017ല്‍ ശ്രീലാന്‍സര്‍ എന്ന ഹിന്ദി – ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോൾ ഒ.ടി.ടിയെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ രാധാകൃഷ്ണന്‍.

ഒ.ടി.ടി വന്നശേഷമാണ് മലയാള സിനിമകള്‍ പാന്‍ ഇന്ത്യ ലെവലില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും കേരളത്തിന് പുറത്ത് വളര്‍ന്നതുകൊണ്ട് തനിക്ക് നന്നായിട്ട് അറിയാമെന്നും അര്‍ജുന്‍ പറയുന്നു. തന്റെ സുഹൃത്തുക്കളെല്ലാം കൊവിഡുകാലം മുതലാണ് മലയാള സിനിമകള്‍ കാണാന്‍ തുടങ്ങിയതെന്നും ഡബ്ബിങ്ങും സബ്ടൈറ്റില്‍സും അതിന് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ നിന്നും ഒരുപാട് പേര് ഇതരഭാഷകളില്‍ പോയി അഭിനയിക്കുന്നുണ്ടെന്നും മലയാളത്തില്‍ വെബ്സീരീസിന്റെ തുടക്കമാണിതെന്നും നടന്‍ പറയുന്നു. കേരള ക്രൈം ഫയല്‍സാണ് രണ്ടാം സീസണ്‍ വരുന്ന ആദ്യ സീരീസെന്നും അര്‍ജുന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒ.ടി.ടി വന്നശേഷമാണ് മലയാള സിനിമകള്‍ പാന്‍ ഇന്ത്യ ലെവലില്‍ ആളുകള്‍ കാണാനും ശ്രദ്ധിക്കാനും തുടങ്ങിയത്. പൂനെയില്‍ വളര്‍ന്നയാളായതിനാല്‍ എനിക്കത് നന്നായിട്ട് അറിയാം. എന്റെ അവിടത്തെ സുഹൃത്തുക്കളെല്ലാം കൊവിഡുകാലം തൊട്ടാണ് മലയാളസിനിമകള്‍ കൂടുതലായി കാണാന്‍ തുടങ്ങിയത്. ഡബ്ബിങ്ങും സബ്ടൈറ്റില്‍സുമൊക്കെ ഇതരഭാഷക്കാര്‍ക്കും മലയാളസിനിമയെ കാണാനുള്ള സാധ്യത തുറക്കുന്നു.

ഒ.ടി.ടി വന്നതോടെ എല്ലാ ഇന്‍ഡസ്ട്രിയില്‍നിന്നും വിളികള്‍ വന്നുതുടങ്ങി. ഒരുപാട് മലയാള അഭിനേതാക്കള്‍ ഇന്ന് ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെ വളരെ സജീവമായി അഭിനയിക്കുന്നുണ്ട്. അഭിനേതാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നു എന്നത് ഒ.ടി.ടി വന്നതുകൊണ്ടുള്ള ഒരു ഗുണമാണ്. മലയാളത്തില്‍ വെബ്സീരീസിന്റെ തുടക്കകാലമാണിത്. ചുരുക്കം സീരീസുകളേ ഇതുവരെ വന്നിട്ടുള്ളൂ. കേരള ക്രൈം ഫയല്‍സാണ് രണ്ടാം സീസണ്‍ വരുന്ന ആദ്യ സീരീസ്,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു.

Content Highlight: Arjun Radhakrishnan talking about OTT Releases