ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു. രൺവീർ സിങ് നായകനായെത്തുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത് വിജയ് ദേവരകൊണ്ട, വിക്രാന്ത് മാസി എന്നിവരാണെന്ന ചർച്ചകൾ വന്നിരുന്നു. എന്നാൽ ഇവരാരുമല്ല അർജുൻ ദാസ് വില്ലനായേക്കുമെന്നാണ് പുതിയ വാർത്ത.
പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം തമിഴ് താരം അർജുൻ ദാസ് ആണ് സിനിമയിൽ വില്ലനായി എത്തുക എന്നാണ് വിവരം.
കൈതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് അർജുൻ ദാസ്. ചിത്രത്തിലെ അൻപ് എന്ന വില്ലൻ കഥാപാത്രത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. പിന്നീട് മാസ്റ്റർ, അന്ധകാരം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ സ്ഥാനമുറപ്പിച്ചു. നായകനായും തനിക്ക് തിളങ്ങാനാകുമെന്ന് നിരവധി ചിത്രങ്ങളിലൂടെ തെളിയിച്ച നടനാണ് അർജുൻ ദാസ്. തന്റെ ശബ്ദ ഗാംഭീര്യമാണ് അർജുനെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
ബോളിവുഡിലും തന്റെ തലവര തെളിയിക്കാൻ പോകുകയാണ് അദ്ദേഹം. ചിത്രത്തിന്റെ കഥ അർജുന് വളരെയധികം ഇഷ്ടമായെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. താരം വലിയ ആവേശത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ജനുവരിയിൽ ആരംഭിച്ചേക്കും.
ഷാരൂഖ് ഖാൻ പിൻമാറിയതിനെ തുടർന്നാണ് രൺവീർ സിംഗ് ഡോൺ എന്ന ടൈറ്റിൽ റോളിൽ എത്തിയത്. ഡോൺ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തിയേക്കും.
കൃതി സനോൺ ആണ് സിനിമയിൽ നായികയായി എത്തുന്നത്. ദുരന്തർ എന്ന സിനിമയുടെ ചിത്രീകരണത്തിലായതിനാൽ ഷൂട്ടിങും പ്രൊമോഷനും പൂർത്തിയായതിന് ശേഷമായിരിക്കും ഡോൺ 3 യുടെ ഷൂട്ടിങ്ങിലേക്ക് കടക്കുക.
Content Highlight: Arjun Das to play Ranveer Singh’s villain in Bollywood; Report