മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ പറവയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനായത്. പിന്നീട് മികച്ച നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
അര്‍ജുന്‍ അശോകന് ഒരുപാട് പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു ഭ്രമയുഗം. കഴിഞ്ഞ വർഷമാണ് ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ തേവന്‍ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ചത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ചിത്രം കേരളത്തിന് അകത്തും പുറത്തും ചർച്ചയായി. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ അശോകൻ.
താനാരു കടുത്ത മമ്മൂട്ടി ആരാധകനാണെന്ന് അർജുൻ പറയുന്നു.
‘ഞാന്‍ മമ്മൂക്കയുടെ കടുത്ത ആരാധകനാണ്. മമ്മൂക്കയെ എപ്പോള്‍ കണ്ടാലും ആദ്യം കണ്ട മൊമെന്റ് ആയിട്ടാണ് ഫീല്‍ ചെയ്യുന്നത്. അതേ ഓറയാണ് എപ്പോഴും കിട്ടുന്നത് എനിക്ക്. വലിയ ഫാന്‍ ആയിപ്പോയത് കൊണ്ടായിരിക്കും അങ്ങനെ തോന്നുന്നത്. എറ്റവും ഭാഗ്യമായി കരുതുന്നത് ഭ്രമയുഗം പോലൊരു പടത്തില്‍ എനിക്ക് മമ്മൂക്കയുടെ കൂടെ അത്രയും സ്‌ക്രീന്‍ സ്‌പെയ്‌സ് കിട്ടി. അത്രയും കള്‍ട്ടായ ക്ലാസിക്കായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടത്തില്‍ അഭിനയിക്കാന്‍ പറ്റി എന്നതാണ്,’ അർജുൻ പറയുന്നു.
ആരാധന കാരണം അതിന്റെ ഏറ്റവും എക്‌സ്ട്രീം ആയിരുന്നു ആ സിനിമയിലെന്നും ആ സിനിമയിൽ താൻ സാറ്റിസ്‌ഫൈഡാണെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ കടമ നല്ല പടത്തില്‍ അഭിനയിക്കുക എന്നുള്ളതാണെന്നും ഇപ്പോള്‍ കിട്ടുന്നതെല്ലാം ബോണസ് ആണെന്നും അർജുൻ പറയുന്നു. നല്ല പടങ്ങള്‍ നോക്കി ചെയ്യുക എന്നുള്ളതാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും അർജുൻ കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ ചിത്രമായ തലവരയുടെ വിശേഷങ്ങളുമായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അർജുൻ അശോകൻ.
ഭ്രമയുഗം
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഭ്രമയുഗം: ദി ഏജ് ഓഫ് മാഡ്‌നസ്. മമ്മൂട്ടി പ്രധാനകഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. പൂർണമായും ബ്ലാക്ക് ആൻ്ഡ് വൈറ്റിൽ എത്തിയ ചിത്രം ഡാർക്ക് ഫാൻ്റസി ഹൊറർ ഴോണറിലാണ് ഒരുങ്ങിയത്.
Content Highlight: Arjun Asokan talking about Mammootty