ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് അര്‍ജുന്‍ അശോകന്‍. ഹരിശ്രീ അശോകന്റെ മകന്‍ എന്ന ലേബലില്‍ നിന്നും മലയാളം ഇന്‍സ്ട്രിയില്‍ വളരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പറവ, പ്രണയവിലാസം, ജൂണ്‍, ഭ്രമയുഗം, രോമാഞ്ചം എന്നീ ചിത്രങ്ങളില്‍ നടന്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
തലവരയാണ് അര്‍ജുന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ റിലീസിനൊരുങ്ങുന്ന തന്റെ പുതിയ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍. തമിഴില്‍ താന്‍ അഭിനയിച്ച 2 സിനിമകള്‍ റിലീസാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍.
‘രണ്ട് സിനിമകളില്‍, ഒരെണ്ണത്തിന്റെ ഷൂട്ട് തുടങ്ങാന്‍ പോവുകയാണ്. എ.എല്‍. വിജയ് സാറിന്റെ ഒരു സിനിമയില്‍ സെക്കന്റ് ഹീറോ ആയി അഭിനയിച്ചു. ജൂണ്‍ സിനിമ കണ്ടിട്ടാണെന്ന് തോന്നുന്നു എന്നെ വിജയ്സാര്‍ വിളിക്കുന്നത്.
തമിഴില്‍ അഭിനിയിക്കുമ്പോള്‍ ഭാഷ തന്നെയായിരുന്നു പ്രശ്നം. നമ്മള്‍ മലയാളത്തിനെ എത്ര തമിഴിലേക്ക് ആക്കാന്‍ ശ്രമിച്ചാലും അത് നടക്കില്ല. പിന്നെ അവര്‍ തമിഴ് ഇംഗ്ലീഷില്‍ എഴുതിത്തന്ന സംഭാഷണങ്ങളാണ് എന്നെ സഹായിച്ചത്. കിടിലന്‍ കഥാപാത്രം ആണ് ഇത്,’ അര്‍ജുന്‍ പറയുന്നു.
ജൂണ്‍ സിനിമയില്‍ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച ആനന്ദ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. രജിഷ വിജയന്‍ പ്രധാനവേഷത്തിലെത്തിയ ജൂണ്‍ 2019ലാണ് തിയേറ്ററുകളിലെത്തിയത്. അഹമ്മദ് കബീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ രജിഷ വിജയന്‍, സര്‍ജാനോ ഖാലിദ്, ജോജു ജോര്‍ജ്, അശ്വതി മേനോന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു.
Content highlight: Arjun Ashokan talks about his upcoming Tamil films