എന്റെ തലവര മാറ്റിമറിച്ച സുഹൃത്തുക്കള്‍; ഞാന്‍ പറയുക അഞ്ച് നടന്മാരുടെ പേരുകള്‍: അര്‍ജുന്‍ അശോകന്‍
Malayalam Cinema
എന്റെ തലവര മാറ്റിമറിച്ച സുഹൃത്തുക്കള്‍; ഞാന്‍ പറയുക അഞ്ച് നടന്മാരുടെ പേരുകള്‍: അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th August 2025, 10:10 pm

2012ല്‍ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് അര്‍ജുന്‍ അശോകന്‍. സിനിമാപ്രേമികള്‍ക്ക് നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

മലയാളികളുടെ പ്രിയനടന്‍ ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന ആള്‍ കൂടിയാണ്. തന്റെ തലവര മാറ്റിമറിച്ച അഞ്ച് സുഹൃത്തുക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ ആരുടെയൊക്കെ പേരുകളാകും പറയുകയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍.

സൗബിന്‍ ഷാഹിര്‍, ആസിഫ് അലി, ഗണപതി, ബാലു വര്‍ഗീസ്, ലുക്മാന്‍ അവറാന്‍ എന്നിവരുടെ പേരുകളാണ് അര്‍ജുന്‍ അശോകന്‍ പറഞ്ഞത്. ലുക്മാന്‍ ഒരു പോയന്റില്‍ തന്നെ മാറ്റി തന്നിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ലുക്മാന് അവനെ പറ്റി തന്നെ നല്ല അറിവുണ്ടെന്നും സ്വയം ഏത് ലെവലിലേക്ക് പോകുമെന്ന് അവന് നന്നായി അറിയാമെന്നും നടന്‍ പറയുന്നു. അവന്‍ ഇപ്പോഴും ആ ലെവലിലേക്കുള്ള യാത്രയിലാണെന്നും നമ്മള്‍ വിചാരിക്കുന്നത് പോലെയുള്ള ഒരു നടനല്ല ലുക്മാനെന്നും അര്‍ജുന്‍ പറഞ്ഞു.

സിനിമ പഠിപ്പിച്ച ഏറ്റവും വലിയ പാഠം എന്താണെന്ന ചോദ്യത്തിനും അര്‍ജുന്‍ മറുപടി നല്‍കുന്നു. സിനിമയും സിനിമയില്‍ കൂടെ പ്രവര്‍ത്തിച്ച ആളുകളും ഒരുപാട് പാഠങ്ങള്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍.

‘കുറേ കാര്യങ്ങളുണ്ട്. അതില്‍ ഒരെണ്ണം പറയാന്‍ ആവശ്യപ്പെട്ടാല്‍, നമുക്ക് ഇനിയും നല്ല സുഹൃത്തുക്കളെ കിട്ടും എന്നത് സിനിമ പഠിപ്പിച്ച കാര്യമാണ്. അതിന് പ്രായപരിധിയില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ ഇനി സുഹൃത്തുക്കള്‍ ഉണ്ടാവില്ലെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു.

ആ മൊമന്റിലാണ് പിന്നെയും ഒരു ലോഡ് ആളുകള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഇനിയും സുഹൃത്തുക്കളെ കിട്ടാമെന്നത് സിനിമ പഠിപ്പിച്ച പാഠം തന്നെയാണ്. പിന്നെ ആരെയും വിശ്വസിക്കരുതെന്നും എല്ലാവരെയും വിശ്വസിക്കണമെന്നും സിനിമ പഠിപ്പിച്ചിട്ടുണ്ട്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.


Content Highlight: Arjun Ashokan talks about five friends who changed his life