നടൻ ഹരിശ്രീ അശോകന്റെ മകനെന്നതിലുപരി, സ്വന്തം അഭിനയ മികവിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അർജുൻ അശോകൻ. മലയാള സിനിമയിൽ ആദ്യമായി മുഴുനീള ഡബ്ല്യൂ. ഡബ്ല്യൂ. ഇ സ്റ്റൈൽ ആക്ഷൻ കോമഡി വിഭാഗത്തിൽ എത്തുന്ന ചത്താ പച്ച’യാണ് അർജുന്റെ അടുത്ത തിയേറ്റർ റിലീസ് ചിത്രം.
തന്റെ ചിത്രം ‘തലവര’ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിനെക്കുറിച്ചും, ഒ.ടി.ടി റിലീസിന് ശേഷം സിനിമയ്ക്ക് ലഭിച്ച മികച്ച സ്വീകരണത്തെക്കുറിച്ചും പറയുകയാണ് അർജുൻ അശോകൻ. മൈൽസ്റ്റോൺ മേക്കേഴ്സ്ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഓരോ സിനിമയും പുറത്തിറങ്ങാൻ അതത് സമയമുണ്ട്. ലോക പോലെയുള്ള വലിയ ബജറ്റും വലിയ കാസ്റ്റും ഉള്ള സിനിമ റിലീസ് ചെയ്യുന്ന സമയത്ത് സ്വാഭാവികമായി പ്രേക്ഷകർ അതിനായിരിക്കും മുൻഗണന നൽകുക. തലവര അതിൽ നിന്ന് വ്യത്യസ്തമായ, ചെറിയൊരു സിനിമയാണ്. അതിനാൽ തന്നെ പ്രേക്ഷകർ അത് ഏറ്റെടുക്കാൻ കുറച്ച് സമയം എടുക്കും,’ അർജുൻ അശോകൻ പറഞ്ഞു.
ലോക സിനിമയുടെ റിലീസ് സമയത്ത് തന്നെ തലവര പുറത്തിറക്കിയതായിരുന്നു ടീമിന്റെ പിഴവെന്നും താരം പറഞ്ഞു. ‘ആ സമയം നോക്കി തങ്ങൾ സിനിമ ഇറക്കണമായിരുന്നു. അത് ചെയ്യാത്തതാണ് തങ്ങളുടെ തെറ്റെന്നും പക്ഷേ, ഒ.ടി.ടിയിൽ വന്നപ്പോൾ വലിയ രീതിയിൽ ആളുകൾ സിനിമയെ സ്വീകരിച്ചുവെന്നും അർജുൻ പറഞ്ഞു. തന്റെ മനസ്സിൽ തലവര ഓടിയത് ഒ.ടി.ടിയിലാണെന്നും അർജുൻ കൂട്ടിച്ചേർത്തു.
സിനിമ കണ്ട പ്രേക്ഷകർ ദിവസേന മെസേജുകളിലൂടെയും കൊളാബിലുടെയും ആർട്ട് ഫോംസ് വഴിയും നല്ല അഭിപ്രായങ്ങൾ അറിയിക്കുന്നുണ്ടെന്നും, തിയേറ്ററിൽ ഓടാത്തതിന്റെ വിഷമം അപ്പോൾ മാറിയെന്നും താരം പറഞ്ഞു. എല്ലാവരും സിനിമ കാണണം എന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു അത് സാധിച്ചുവെന്നും അർജുൻ കൂട്ടിച്ചേർത്തു.
നവാഗത സംവിധായകൻ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യിൽ അർജുൻ അശോകനോടൊപ്പം റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്തമായ ലുക്കും ഭാവവുമാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകളും ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.