അച്ഛൻ നല്ല ഹാർഡ് വർക്കാണ്, നല്ലൊരു ചിത്രം സംവിധാനം ചെയ്യുമായിരിക്കും : അർജുൻ അശോകൻ
Malayalam Cinema
അച്ഛൻ നല്ല ഹാർഡ് വർക്കാണ്, നല്ലൊരു ചിത്രം സംവിധാനം ചെയ്യുമായിരിക്കും : അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th October 2023, 3:12 pm

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത യുവതാരമാണ് അർജുൻ അശോകൻ. വ്യത്യസ്തമായ വേഷങ്ങളിലൂടെ മുൻനിര നായക നടനായി അർജുൻ അശോകൻ ഉയർന്നു കഴിഞ്ഞു.

അച്ഛൻ ഹരിശ്രീ അശോകനെ കുറിച്ച് സംസാരിക്കുകയാണ് താരം.
സിനിമയിലേക്ക് അരങ്ങേറുമ്പോൾ അച്ഛൻ തന്ന ഉപദേശങ്ങളെ പറ്റിയും അച്ഛൻ ഭാവിയിൽ മറ്റൊരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും അർജുൻ അശോകൻ പറയുന്നു.

മുൻപ് ‘ലോക്കൽ ഇന്റർനാഷണൽ സ്റ്റോറി’ എന്ന സിനിമ ഹരിശ്രീ അശോകൻ സംവിധാനം ചെയ്തിരുന്നു.

ഒറ്റ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി റെഡ്.എഫ്.എമ്മിനോട്‌ സംസാരിക്കുകയായിരുന്നു അർജുൻ.

‘നിനക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ വൃത്തിയായി ചെയ്യുക എന്ന ഉപദേശമാണ് സിനിമയിലേക്ക് വരുമ്പോൾ അച്ഛൻ എനിക്ക് തന്നത്. ചീത്തപേര് പറയിപ്പിക്കരുതെന്നും ആരെയും വേദനിപ്പിക്കരുതെന്നും അച്ഛൻ പറഞ്ഞിരുന്നു.

ഒരു നടൻ എന്ന നിലയിൽ അച്ഛന്റെ സുഹൃത്തുക്കളോടൊപ്പവും വർക്ക്‌ ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാഫറിക്കയും ചക്കോച്ചനുമെല്ലാം ഇപ്പോൾ എന്റെയും സുഹൃത്തുക്കളാണ്.

പഞ്ചാബി ഹൗസും പറക്കും തളികയുമൊക്കെയാണ് ഞാൻ നിർത്താതെ കണ്ട അച്ഛന്റെ സിനിമകൾ. പക്ഷെ എന്റെ പടങ്ങളൊന്നും അച്ഛൻ അങ്ങനെ റിപ്പീറ്റടിച്ച് കാണാറില്ല. അച്ഛനിപ്പോൾ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി എല്ലാ ഭാഷകളിലെയും സിനിമകൾ ഇരുന്ന് കാണാറുണ്ട്. കുറച്ചു നാളായി അത് തുടങ്ങിയിട്ട്. എല്ലാതരത്തിലുള്ള സിനിമകളും കാണും.

സംവിധാനം ചെയ്ത ആദ്യ സിനിമ ഇറങ്ങി കഴിഞ്ഞതിന് ശേഷമാണ് അച്ഛന് ഇങ്ങനെയൊരു ശീലം തുടങ്ങിയത്. അന്ന് ആ ചിത്രം പ്രേക്ഷകർ വലിയ രീതിയിൽ അംഗീകരിക്കാത്തത് കൊണ്ട്, ഇനി ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് വ്യത്യസ്തമായ ചിത്രമായിരിക്കണമെന്ന് ചിലപ്പോൾ അച്ഛൻ വിചാരിക്കുന്നുണ്ടാകും.

അതായിരിക്കാം ഇപ്പോൾ ഇങ്ങനെയിരുന്നു സിനിമകൾ കാണുന്നത്. നല്ല ഹാർഡ് വർക്കാണിപ്പോൾ. ഞാൻ പോലും അത്രയും സിനിമകൾ ഇരുന്ന് കാണാറില്ല. എല്ലാ ടൈപ്പും കാണുന്നുണ്ട്. അച്ഛൻ അങ്ങനെ ഇരുന്ന് സിനിമ കാണുന്നത് കാണാൻ നല്ല രസമാണ്,’അർജുൻ അശോകൻ പറയുന്നു.

Content Highlight: Arjun Ashokan Talk About Harisree Ashokan