2025ല്‍ ഒരുപാട് പ്രശംസ നേടിയ നടനാണ് അര്‍ജുന്‍ അശോകന്‍. തുടരും എന്ന ചിത്രത്തില്‍ ചെറിയ വേഷം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും പിന്നാലെയെത്തിയ സുമതി വളവ് ഗംഭീര വിജയമാവുകയും ചെയ്തു. സുമതി വളവിന് ശേഷം അര്‍ജുന്‍ നായകനായ തലവരയും മികച്ച പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ നടത്തുന്നത്.
തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് പിന്നാലെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് അര്‍ജുന്‍ അശോകന്‍. രവി മോഹന്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ബ്രോ കോഡിലൂടെയാണ് അര്‍ജുന്റെ തമിഴ് അരങ്ങേറ്റം. ചിത്രത്തിന്റ് പ്രൊമോ വീഡിയോക്ക് വന്‍ വരവേല്പാണ് ലഭിക്കുന്നത്. ചിത്രത്തിലെ മൂന്ന് നായകന്മാരില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍.
രവി മോഹന്‍, എസ്.ജെ. സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് നായകന്മാര്‍. വിവാഹത്തിന് ശേഷം പങ്കാളി കാരണം സന്തോഷം നഷ്ടമാകുന്ന മൂന്ന് ചെറുപ്പക്കാരും അവര്‍ ഒരുമിച്ച നടത്തുന്ന യാത്രയുമാണ് ചിത്രത്തിന്റെ കഥയെന്ന് പ്രൊമോ സൂചന നല്‍കുന്നു. മലയാളത്തില്‍ വന്‍ ഹിറ്റായ ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്നീ സിനിമകളുടെ ചെറിയൊരു ഷേഡ് ബ്രോ കോഡ് പ്രൊമോയ്ക്കുണ്ട്.
മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ഗൗരി പ്രിയ, മാളവിക മനോജ്, ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഗൗരി രവി മോഹന്റെ നായികയായും ശ്രദ്ധ ശ്രീനാഥ് എസ്.ജെ. സൂര്യയുടെയും മാളവിക മനോജ് അര്‍ജുന്‍ അശോകന്റെയും നായികമാരായി വേഷമിടുന്നു. കന്നഡ താരം ഉപേന്ദ്രയും ബ്രോ കോഡിന്റെ ഭാഗമാകുന്നുണ്ട്.
സ്ഥിരം ശൈലിയില്‍ നിന്ന് മാറിയ കഥാപാത്രമാണ് എസ്.ജെ. സൂര്യയുടേതെന്ന് പ്രൊമോയില്‍ നിന്ന് വ്യക്തമാണ്. രവി മോഹനും എസ്.ജെ. സൂര്യക്കുമൊപ്പം അര്‍ജുന്‍ അശോകനും ചേരുമ്പോഴുള്ള കോമഡി രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ്. കഴിഞ്ഞദിവസമാണ് രവി മോഹന്‍ തന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസ് ലോഞ്ച് ചെയ്തത്.
നവാഗതനായ കാര്‍ത്തിക് യോഗിയാണ് ബ്രോ കോഡിന്റെ സംവിധായകന്‍. അനിമലില്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ച ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വറാണ് ചിത്രത്തിന്റെ സംഗീതം. നിര്‍മാതാവിന്റെ കുപ്പായമണിയുന്ന രവി മോഹന്റെ പുതിയ വരവ് വെറുതെയാകില്ലെന്ന് പ്രൊമോ വീഡിയോ ഉറപ്പുനല്‍കുന്നു. ചിത്രം ഈ വര്‍ഷമൊടുവില്‍ തിയേറ്ററുകളിലെത്തും.
Content Highlight: Arjun Ashokan’s debut Tamil movie Bro Code promo out now