സിനിമയിലേക്ക് വരുമ്പോൾ തന്റെ അച്ഛൻ തന്ന ഉപദേശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അർജുൻ അശോകൻ. തനിക്ക് ഇഷ്ടപെട്ട കഥാപാത്രങ്ങൾ ചെയ്യാനും അത് വൃത്തിയോടെ ചീത്തപ്പേര് പറയിപ്പിക്കാതെ ചെയ്യാനൊക്കെയാണ് അച്ഛൻ പറഞ്ഞെതെന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘നിനക്ക് ഇഷ്ടപ്പെട്ട ക്യാരക്ടർസ് ചെയ്യുക. വൃത്തിക്ക് ചെയ്തുകൊടുക്കുക, ചീത്ത പേര് പറയിപ്പിക്കരുത്. ആരെയും വേദനിപ്പിക്കരുത് അതൊക്കെയാണ് എനിക്ക് അച്ഛൻ തന്ന ഉപദേശങ്ങൾ,’ അർജുൻ അശോകൻ പറഞ്ഞു.
തന്റെ അച്ഛന്റെ ആദ്യം സംവിധാനം ചെയ്ത പടം വിജയിക്കാതെ വന്നതിനുശേഷം എല്ലാ ഭാഷയിലുമുള്ള സിനിമകൾ അദ്ദേഹം ഇരുന്ന് കാണാറുണ്ടെന്ന് അർജുൻ അശോകൻ അഭിമുഖത്തിൽ പറയുന്നുണ്ട്. തെലുങ്ക്, കന്നഡ തുടങ്ങിയ എല്ലാ ഭാഷയിലുമുള്ള സിനിമകളും അച്ഛൻ കാണാറുണ്ടെന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു.
‘അച്ഛൻ ഇപ്പോൾ തെലുങ്ക് പടം ഒക്കെ ഇരുന്ന് കാണുന്നുണ്ട്. തെലുങ്ക്, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും സിനിമകൾ കാണുന്നുണ്ട്. കുറച്ചുനാളായി സിനിമ ഇങ്ങനെ കാണുന്നത് തുടങ്ങിയിട്ട്. ഫസ്റ്റ് സിനിമ ഡയറക്റ്റ് ചെയ്തപ്പോൾ അധികം ആളുകൾ റെസ്പോണ്ട് ചെയ്തില്ലല്ലോ, അതിനുശേഷം ആണ് ഇങ്ങനെ സിനിമ കാണൽ തുടങ്ങിയത്. ഇനി ചെയ്യുകയാണെങ്കിൽ വൃത്തിക്ക് തന്നെ ചെയ്യണം എന്നുള്ളത് അച്ഛനുണ്ട്. ഇനി പടം ചെയ്യാൻ പ്ലാൻ ഉണ്ടായിരിക്കും.
അതുകൊണ്ടായിരിക്കും ഇങ്ങനെ പടം കുത്തിയിരുന്ന് കാണുന്നത്. ഭയങ്കര ഹാർഡ് വർക്കിങ് ആണ്. ഞാൻ പോലും ഇങ്ങനെ പടം കാണാറില്ല. എല്ലാ ടൈപ്പിലുള്ള, എല്ലാ ലാംഗ്വേജിലുള്ള പടങ്ങളും പുള്ളിയിരുന്ന് കാണാറുണ്ട്. കണ്ടിരിക്കാൻ രസമാണ്,’ അർജുൻ അശോകൻ പറയുന്നു.
പഞ്ചാബി ഹൗസ്, ഈ പറക്കും തളിക തുടങ്ങിയ സിനിമകളാണ് തനിക്ക് റിപ്പീറ്റ് അടിച്ച് കാണാൻ ആഗ്രഹമുള്ള സിനിമകളെന്നും അർജുൻ അശോകൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ഒറ്റയാണ് അർജുൻ അശോകന്റെ പുതിയ ചിത്രം. ആസിഫ് അലി, സത്യരാജ്, ഇന്ദ്രജിത് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Arjun ashokan about his father advise