'മമ്മൂക്ക പറഞ്ഞതല്ലേ അങ്ങനെ പ്രതീക്ഷിക്കരുതെന്ന്'; മാധ്യമപ്രവർത്തകരോട് മറുപടിയുമായി അർജുൻ അശോകൻ
Film News
'മമ്മൂക്ക പറഞ്ഞതല്ലേ അങ്ങനെ പ്രതീക്ഷിക്കരുതെന്ന്'; മാധ്യമപ്രവർത്തകരോട് മറുപടിയുമായി അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th February 2024, 6:38 pm

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന സിനിമയെന്ന പ്രത്യേകത ഭ്രമയുഗത്തിനുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ചിത്രത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ട്രെയ്ലർ വന്നതോടെ ഏറെ ചർച്ച ചെയ്യപ്പെട്ടത് അർജുൻ അശോകന്റെ പ്രകടനമായിരുന്നു. അർജുൻ അശോകൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ‘ആനന്ദ് ശ്രീബാല . ചിത്രത്തിന്റെ പൂജാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ താരത്തിനോട് ഭ്രമയുഗത്തിൽ താരത്തിന്റെ അസാധ്യ പ്രകടനമാണ് പ്രതീക്ഷിക്കുന്നത് എന്ന മാധ്യമ പ്രവർത്തകന്റെ അഭിപ്രായത്തോട് അങ്ങനെ പ്രതീക്ഷിക്കരുതെന്നാണ് മമ്മൂട്ടി പറഞ്ഞെതെന്നായിരുന്നു താരത്തിന്റെ മറുപടി.

‘അങ്ങനെ പ്രതീക്ഷിക്കരുതെന്ന് മമ്മൂക്ക എല്ലാവരോടും ഡയറക്ടായിട്ട് പറഞ്ഞിട്ടുണ്ട്. പ്രതീക്ഷിക്കാതെ പോയി കാണാൻ പറഞ്ഞു,’ അർജുൻ അശോകന്റെ പറഞ്ഞു. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷയിലാണ് ഭ്രമയുഗം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ മമ്മൂട്ടിയാണ് എല്ലാ ഭാഷയിലും സൗണ്ട് നൽകുന്നതെന്ന് ട്രെയ്ലറിലൂടെ പ്രേക്ഷകന് വ്യക്തമാകുന്നുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

18ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് നടക്കുന്ന കഥയാണ് സിനിമയുടേത്. മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിലെത്തുന്നതെന്ന സൂചനകള്‍ ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത തരത്തിലുള്ള ഹൊറര്‍ കഥയാണ് സിനിമയുടേതെന്ന് സംവിധായകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Arjun ashokan about bramayugam movie