അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് ഇന്ന് തീയേറ്ററുകളിലെത്തിയ അരിക് എന്ന സിനിമ പറയുന്നത്. ഇര്‍ഷാദ് അലി, സെന്തില്‍, ധന്യ അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി. എസ്. സനോജ് സംവിധാനം ചെയ്ത ചിത്രം മൂന്ന് തലമുറകളുടെ ജീവിതമാണ് സ്‌ക്രീനിലെത്തിക്കുന്നത്.
കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ജാതി ബോധമാണ് സിനിമയുടെ പ്രമേയം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന 1964ല്‍ കോരനെന്ന കര്‍ഷകത്തൊഴിലാളിക്ക് ഒരു കുഞ്ഞ് ജനിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കോരന്‍ ആ കുഞ്ഞിന് ശങ്കരന്‍ എന്നാണ് പേരിടുന്നത്. ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന ഇടങ്ങളില്‍ നിന്ന് ശങ്കരന്‍ എന്ന പേര് അവനെ രക്ഷിക്കുമെന്നാണ് കോരന്‍ കരുതുന്നുണ്ട്.
എന്നാല്‍ അച്ഛന്റെ പേരിലൂടെ ശങ്കരന്റെ ജാതിയെ അവന് ചുറ്റുമുള്ളവര്‍ കണ്ടെടുക്കുകയാണ്. ശങ്കരന്റെ മകള്‍ പഠിച്ച് ഉന്നത പദവി നേടുമ്പോഴും ജാതിവെറി അവളെ പിന്തുടരുന്നതിന്റെ സമകാലിക ജീവിത പരിസരത്തേക്കൂടി കാണിച്ചാണ് സിനിമ അവസാനിക്കുന്നത്.
കരണം പുകയുന്ന ഒരു അടിയിലൂടെ തങ്ങളുടെ രാഷ്ട്രീയ പക്ഷം ഏതെന്ന് പ്രഖ്യാപിക്കുന്ന അരിക് കേരള സമൂഹത്തിനെ നേരെ തിരിച്ച് വച്ച കണ്ണാടി പോലെയാകുന്നു.
കുന്നംകുളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കോരന്‍ എന്ന തൊഴിലാളിയായി സെന്തില്‍ എത്തുമ്പോള്‍ അദേഹത്തിന്റെ മകന്‍ ശങ്കരനായി ഇര്‍ഷാദ് എത്തുന്നു. ഇരുവരുടേയും പ്രകടനങ്ങള്‍ മനോഹരമായി.
മൂന്ന് ഗെറ്റപ്പുകളിലെത്തുന്ന സെന്തില്‍ ആ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രന്‍, സിജി പ്രദീപ്, ആര്‍.ജെ. മുരുകന്‍, അര്‍ച്ചന പദ്മിനി, ഹരീഷ് പേങ്ങന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച ചിത്രത്തില്‍ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ നിരവധി സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നുണ്ട്. വി.എസ് സനോജ്, ജോബി വര്‍ഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.
നൂറോളം തിരക്കഥകളില്‍ നിന്ന് അന്തരിച്ച ജോണ്‍ പോള്‍ അധ്യക്ഷനായ സമിതി തെരഞ്ഞെടുത്ത സ്‌ക്രിപ്റ്റാണിത്. പ്രമേയത്തോടെ സത്യസന്ധത പുലര്‍ത്താന്‍ തിരക്കഥക്കായി. സാങ്കേതികത്തികവും ശില്‍പ ഭദ്രതയും ഇണക്കിയെടുക്കാന്‍ സംവിധായകന്‍ സനോജിന് സാധിച്ചു.