അരീക്കോട്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
Kerala News
അരീക്കോട്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th January 2025, 12:51 pm

അരീക്കോട്: മലപ്പുറം അരീക്കോട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് അതിക്രമം നേരിട്ടത്.

നാട്ടുകാരും അകന്ന ബന്ധുക്കളും ഉള്‍പ്പെടെയാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്തു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി.

യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ എട്ടോളം പേരാണ് പ്രതികള്‍. അയല്‍വാസിയില്‍ നിന്നാണ് യുവതി ആദ്യമായി പീഡനം നേരിട്ടത്. കേസിലെ മുഖ്യപ്രതി 36കാരിയെ പലര്‍ക്കും കാഴ്ചവെച്ചതായാണ് വിവരം.

പ്രതികള്‍ പലതവണയായി യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് എഫ്.ഐ.ആര്‍. കേസില്‍ മൂന്ന് എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുവതിയുടെ പക്കല്‍ നിന്ന് പ്രതികള്‍ 15 പവന്‍ സ്വര്‍ണം കവരുകയും ചെയ്തിട്ടുണ്ട്. ഇത് ഉള്‍പ്പെടെയാണ് പൊലീസ് മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.

കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കേസില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

2022-2023 വര്‍ഷത്തിനിടെയാണ് യുവതി പീഡനത്തിനിരയായത്. മുഖ്യപ്രതിയില്‍ യുവതി 500 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ കിട്ടാതെ വന്നപ്പോള്‍ യുവതിയെ ഭീഷണിപ്പെടുത്തി പ്രതി ചൂഷണം ചെയ്യുകയായിരുന്നു.

പത്തനംതിട്ടയില്‍ കായിക താരത്തെ 65ഓളം ആളുകള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് അരീക്കോട്ടെ കേസ്. കായിക താരത്തെ ചൂഷണം ചെയ്തതില്‍ ഇതുവരെ 25 പേര്‍ അറസ്റ്റിലായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയാണ് കേസിലെ പ്രതികള്‍.

നിലവില്‍ കേസിലെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. ഡി.ഐ.ജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ്.പി, ഡി.വൈ.എസ്.പി ഉള്‍പ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുക.

ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേല്‍നോട്ടം ഡി.ഐജി.ക്ക് കൈമാറിയത്.

Content Highlight: Arikot gang-raped a mentally challenged woman