കേരള... ഐ മിസ് യൂ; എല്ലാവരും നിയമത്തെ ബഹുമാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍
Kerala
കേരള... ഐ മിസ് യൂ; എല്ലാവരും നിയമത്തെ ബഹുമാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd August 2025, 5:34 pm
കേരളത്തിലെ സര്‍വകലാശാലാ പ്രതിസന്ധിയില്‍ പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലാ പ്രതിസന്ധിയില്‍ പ്രതികരിക്കാനില്ലെന്ന് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാവരും നിയമത്തെ ബഹുമാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും കേരളത്തിലേക്ക് ഇനിയും വരുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഞാന്‍ കേരളത്തില്‍ നിന്ന് പോയാലും എന്നില്‍ നിന്ന് കേരളം പോയിട്ടില്ല,’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലെത്തിയിരുന്നു. നിലവില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബീഹാര്‍ ഗവര്‍ണറാണ്. രാജ്ഭവനിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഷാളണിയിച്ചും മറ്റുമാണ് സ്വീകരിച്ചത്. രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബദല്‍ റഷീദിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മുന്‍ ഗവര്‍ണര്‍ കേരളത്തിലെത്തിയത്.

അതേസമയം കേരള ഗവര്‍ണറായിരിക്കെ സംസ്ഥാന സര്‍ക്കാരുമായും കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവുമായി നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അനുകൂലികളായവരെ താത്കാലിക വി.സിമാരായി നിയമിച്ച ആരിഫിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നിരുന്നത്.

ഇക്കാലയളവിലെല്ലാം സംസ്ഥാന സര്‍ക്കാരിനെയും പൊലീസിനെയും മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് നിലവില്‍ കേരളത്തെ മിസ് ചെയ്യുന്നതായി പ്രതികരിച്ചത്.

കഴിഞ്ഞ ബജറ്റവതരണത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്താതിരിക്കുകയും എന്നാല്‍ എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഒന്നര മണിക്കൂറോളം റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്ത ഗവര്‍ണറുടെ ചെയ്തികളും വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: Former Governor Arif Mohammed Khan says there is nothing to comment on the university crisis in Kerala