ഇല്ലാത്ത ഹിന്ദുമതത്തെ കുറിച്ചാണ് ആരിഫ് ഹുസൈന്‍ പറയുന്നത്, ആര്‍.എസ്.എസ് ഇപ്പോള്‍ ഹിന്ദുമതം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്: മൈത്രേയന്‍
Maitreyan
ഇല്ലാത്ത ഹിന്ദുമതത്തെ കുറിച്ചാണ് ആരിഫ് ഹുസൈന്‍ പറയുന്നത്, ആര്‍.എസ്.എസ് ഇപ്പോള്‍ ഹിന്ദുമതം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്: മൈത്രേയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th July 2025, 5:24 pm

കോഴിക്കോട്: സംഘപരിവാര്‍ അനുകൂല തീവ്രവലതുപക്ഷ സംഘടനയായ എസ്സെന്‍സ് ഗ്ലോബല്‍ പ്രവര്‍ത്തകന്‍ ആരിഫ് ഹുസൈനും ആര്‍.എസ്.എസും ശ്രമിക്കുന്നത് നിലവിലില്ലാത്തൊരു ഹിന്ദുമതത്തെ ഉണ്ടാക്കാനാണെന്ന് മൈത്രേയന്‍. ഹിന്ദു എന്നൊരു മതം നിലവിലില്ലെന്നും അത് ചില ജാതികളുടെ ഒരു ഗ്രൂപ്പും ഭൂമിശാസ്ത്രപരമായി ഒരു പ്രദേശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കൂട്ടമാണെന്നും മൈത്രേയന്‍ പറഞ്ഞു.

ഇത്തരം ഒരു ഗ്രൂപ്പിനെ ഒരു മതമാക്കാനുള്ള ശ്രമമാണ് ആരിഫ് ഹുസൈനും ഹിന്ദുത്വ പ്രചരണങ്ങളിലൂടെ ആര്‍.എസ്.എസും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. OOED MEDIA എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരിഫ് ഹുസൈന്‍ തെരുവത്ത് ഡിബേറ്റുകളില്‍ ഹിന്ദുവില്‍ ഇങ്ങനെയില്ലല്ലോ എന്ന് ഇടക്കിടക്ക് പറയുന്നതിനെ കുറിച്ചുള്ള ആങ്കറുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മൈത്രേയന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘ ഹിന്ദുമതം ഉണ്ടെന്ന് തെറ്റായി പറയുകയാണിത്. ലോകത്ത് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു മതമാണ് ഹിന്ദുമതം. യൂറോപ്യന്‍ മതം, സൗത്ത് അമേരിക്കന്‍ മതം എന്നൊക്കെ പറയുമ്പോലെയാണിത്.

ഒരു പ്രദേശത്തെ ജനതയാണ് ഹിന്ദുക്കള്‍. സിന്ധു നദീതട തീരത്ത് നിലനിന്നിരുന്നവരെ പേര്‍ഷ്യക്കാര്‍ വിളിച്ച വാക്കാണ് ഹിന്ദു എന്ന്. ഒരു മതമെന്ന് പറയുമ്പോള്‍ ഒരു പ്രവാചകനും ഒരു സവിശേഷ ഗ്രന്ഥവുമൊക്കെയുള്ളവരാണെങ്കില്‍ ആ നിലക്ക് അതുണ്ടായിട്ടില്ല. ശൈവ മതവും ശാക്തേയ മതവും വൈഷ്ണവ മതവുമുണ്ട്. ഇതെല്ലാം ഒരു പ്രധാന ദൈവവും ഉപദൈവങ്ങളുമുള്ള ചെറിയ മതങ്ങളാണ്.

യഥാര്‍ത്ഥത്തില്‍ ഒരു സാമ്രാജ്യത്ത് അനുയോജ്യമായ ഒരു ഏക ദൈവ മതമായിട്ട് ഹിന്ദുമതം മാറിയിട്ടില്ല. ആയിരക്കണക്കിന് ജാതിക്കൂട്ടങ്ങളാണ് ഉള്ളത്. മതമെന്ന് പറയുന്നത് ബുദ്ധമതം, ഇസ്‌ലാം മതം, ജൈന മതം മുതലായവ പോലെയാണ്. അവര്‍ക്ക് കൃത്യമായി പ്രവാചകനും ഗ്രന്ഥങ്ങളുമുണ്ടാകും. ഹിന്ദു മതത്തിന് അതില്ല.

അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ഹിന്ദുമതത്തില്‍ ചേരാനാകില്ല. ജാതിയിലേ ചേരാനാകൂ. അതൊരു ഓര്‍ഗനൈസ്ഡ് റിലീജിയണല്ല. കുറെ വിശ്വാസങ്ങള്‍ ചേര്‍ന്നതാണ്. ഒരു മതമാകുന്നതിന് മുമ്പുള്ള അവസ്ഥയിലാണ് അതുള്ളത്. എന്നാല്‍ ഇപ്പോള്‍ ആര്‍.എസ്.എസുകാര്‍ മതമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹിന്ദുത്വമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ള മതമേ ഉണ്ടാകൂ,’ മൈത്രേയന്‍ പറഞ്ഞു.

content highlights: Arif Hussain theruvath talks about non-existent Hinduism, RSS is now trying to create Hinduism: Maitreyan