അര്‍ജന്റീനയിലെ വലതുപക്ഷസര്‍ക്കാരിന് വന്‍തിരിച്ചടി; പ്രവിശ്യ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇടതുപക്ഷം
World
അര്‍ജന്റീനയിലെ വലതുപക്ഷസര്‍ക്കാരിന് വന്‍തിരിച്ചടി; പ്രവിശ്യ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇടതുപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th September 2025, 9:20 am

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നടന്ന പ്രവിശ്യ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ വലതുപക്ഷത്തെ പരാജയപ്പെടുത്തി ഇടതുപക്ഷം നയിക്കുന്ന പ്രതിപക്ഷസഖ്യമായ ‘ഫ്യൂര്‍സ പാട്രിയ’.

ഫ്യൂര്‍സ പാട്രിയ 47 ശതമാനം വോട്ടും പ്രസിഡന്റ് ജാവിയര്‍ മിലേയുടെ സഖ്യമായ ‘ലാ ലിബര്‍ട്ടാഡ് അവാന്‍സ’ 34 ശതമാനം വോട്ടുമാണ് തെരഞ്ഞെടുപ്പില്‍ നേടിയത്. പ്രവിശ്യയിലെ എട്ട് ഇലക്ടറല്‍ സെക്ടറുകളില്‍ ആറെണ്ണവും 135 മുന്‍സിപ്പാലിറ്റികളില്‍ 99 മുന്‍സിപ്പാലിറ്റികളും പ്രതിപക്ഷത്തിന് ഒപ്പം നിന്നു.

ഭരണത്തിലേറിയതിന് ശേഷം മിലേ നേരിടേണ്ടി വന്ന ഏറ്റവും വലിയ പരാജയമാണ് ബ്യൂണസ് ഐറിസിലുണ്ടായത്. 2023 ഡിസംബറിലാണ് മിലേ സര്‍ക്കാര്‍ ഭരണത്തിലേറിയത്. സര്‍ക്കാരിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ മന്ദഗതിയിലാക്കിയെന്ന ആരോപണവുമാണ് മിലേയ്ക്കും സഖ്യത്തിനും പരാജയം സമ്മാനിച്ചത്.

സാമൂഹിക ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതും വിലക്കയറ്റവും രാജ്യത്തിന്റെ മൊത്തം വരുമാനത്തിലുണ്ടായ ഇടിവും വോട്ടര്‍മാരെ മിലേ സര്‍ക്കാരിനെതിരെ തിരിച്ചു. രാജ്യത്തിന്റെ വികസനവും സാമ്പത്തിക വളര്‍ച്ചയും ത്വരിതഗതിയിലാക്കുമെന്ന് അവകാശപ്പെട്ട് ഭരണത്തിലേറിയ മിലേ സര്‍ക്കാര്‍ പുതിയ സാമ്പത്തിക നയങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിലൂടെ രാജ്യത്തിന്റെ പൊതുകടം തിരിച്ചടയ്ക്കുന്നത് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ജനകീയ വിഷയങ്ങളില്‍ സര്‍ക്കാരിന് പിഴവ് സംഭവിച്ചതോടെ ജനങ്ങള്‍ സര്‍ക്കാര്‍ നയങ്ങളോട് മുഖം തിരിക്കുകയായിരുന്നു.

പ്രസിഡന്റ് മിലേയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സഹോദരി കരീന മിലേ, കൂടുതല്‍ ശക്തയായെന്നും അവര്‍ അഴിമതി നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ വിവാദങ്ങള്‍ക്കിടയിലാണെങ്കിലും മിലേയുടെ പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിക്കപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന് നേരിയ നേട്ടം മാത്രമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. ഇതിനെ തള്ളിക്കളയുന്ന ഫലമാണ് ഒടുവില്‍ പുറത്തെത്തിയത്.

പ്രതിപക്ഷത്തിന് എതിരെയുള്ള ജീവന്‍മരണ പോരാട്ടമെന്നാണ് തെരഞ്ഞെടുപ്പിനെ മിലേ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച പുറത്തെത്തിയ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിച്ചതോടെ, താന്‍ നിരാശനാണെന്ന് തുറന്നുപറഞ്ഞ് മിലേ രംഗത്തെത്തി.

വ്യക്തമായ പരാജയമെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ പ്രസിഡന്റ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ പിഴവ് സംഭവിച്ചെന്ന് തുറന്നുസമ്മതിച്ച മിലേ, തോല്‍വി പാര്‍ട്ടി അംഗീകരിക്കുന്നെന്നും തെറ്റ് തിരുത്തുമെന്നും പ്രതികരിച്ചു. എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പോളിസികളില്‍ നിന്നും അണുവിട മാറില്ലെന്നും കൂടുതല്‍ ആഴത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുകയെന്നും പ്രസിഡന്റ് മിലേ പ്രതികരിച്ചു.

അര്‍ജന്റീനന്‍ ജനസംഖ്യയുടെ നാല്‍പത് ശതമാനത്തോളം താമസിക്കുന്ന ബ്യൂണസ് ഐറിസില്‍ ഉണ്ടായ പരാജയം പ്രസിഡന്റ് ഹാവിയര്‍ മിലേക്കും പാര്‍ട്ടിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വലിയ തലവേദനയാകും.

ഒക്ടോബറില്‍ മിഡ് ടേം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണകക്ഷിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. പാര്‍ലമെന്റിലെ പകുതിയോളം സീറ്റുകളിലേക്കും സെനറ്റിലെ മൂന്നിലൊന്ന് ഭാഗത്തേക്കുമാണ് ഒക്ടോബര്‍ 26ന് തെരഞ്ഞെടുപ്പ് നടക്കുക. 1.43 കോടി വോട്ടര്‍മാരുള്ള തലസ്ഥാനത്ത് നിന്നുള്ള തിരിച്ചടി അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് മറികടക്കുക അസാധ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഹാവിയര്‍ മിലേയുടെ ഏറ്റവും മോശം നിമിഷമല്ല ഇത്, ഏറ്റവും മോശം നിമിഷങ്ങളുടെ തുടക്കം മാത്രമാണ് ഈ പരാജയം എന്നാണ് സോഷ്യോളജിസ്റ്റായ യുവാന്‍ ഗബ്രിയേല്‍ തോകാട്‌ലിയന്‍ വിലയിരുത്തിയത്.

അതേസമയം, മിലേ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ മുന്‍പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ചനറുടെ വീടിന് മുന്നിലെത്തിയാണ് പ്രതിപക്ഷം വിജയം ആഘോഷിച്ചത്. ‘നിങ്ങള്‍ ഈ ഫലം കാണുന്നില്ലേ മിസ്റ്റര്‍ മിലേ, നിങ്ങളുണ്ടാക്കിയെടുത്ത കുമിളയില്‍ നിന്നും പുറത്തുകടക്കൂ, കാര്യങ്ങള്‍ കൈവിട്ടുപോയി കൊണ്ടിരിക്കുകയാണ്’, ക്രിസ്റ്റീന എക്‌സില്‍ കുറിച്ചു.

രണ്ടുതവണ പ്രസിഡന്റായ ക്രിസ്റ്റീനയുടെ നയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ക്ക് കാരണമായെന്നും അഴിമതി നടത്തിയെന്നും ആരോപിച്ചാണ് ക്രിസ്റ്റീനയെ മിലേ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്.

Content Highlight: Argentina’s right-wing government suffers major setback; left-wing party gains in provincial elections