പ്രായമായില്ലേ, മറ്റ് അഭിനേതാക്കള്‍ക്ക് വേണ്ടി വിരമിച്ചൂടെ? ചോദ്യത്തിന് മറുപടി നല്‍കി ഷാരൂഖ് ഖാന്‍
Indian Cinema
പ്രായമായില്ലേ, മറ്റ് അഭിനേതാക്കള്‍ക്ക് വേണ്ടി വിരമിച്ചൂടെ? ചോദ്യത്തിന് മറുപടി നല്‍കി ഷാരൂഖ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th August 2025, 7:43 pm

ഇന്ത്യന്‍ സിനിമയുടെ ബാദ്ഷാ എന്നറിയപ്പെടുന്ന നടനാണ് ഷാരൂഖ് ഖാന്‍. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ഷാരൂഖ് സിനിമയിലേക്കെത്തിയത്. വില്ലനായി കരിയര്‍ ആരംഭിച്ച ഷാരൂഖ് പിന്നീട് ബോളിവുഡ് തന്റെ കാല്‍ക്കീഴിലാക്കുകയായിരുന്നു. ഇടയ്ക്ക് തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്ന കിങ് ഖാന്‍ നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.

തിരിച്ചുവരവില്‍ തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 1000 കോടി ക്ലബ്ബില്‍ കയറ്റി തന്റെ സിംഹാസനം വീണ്ടെടുത്തു. ഡങ്കിയാണ് ഷാരൂഖിന്റെ അവസാനമായി ഇറങ്ങിയ ചിത്രം.

ഒരിടവേളക്ക് ശേഷം ആരാധകരുമായി എക്‌സ് ആപ്പില്‍ സംവദിക്കുകയിരുന്നു ഷാരൂഖ് ഖാന്‍. തന്റെ വരാനിരിക്കുന്ന ചിത്രമായ കിംഗ് നെ കുറിച്ചും ദേശീയ അവാര്‍ഡ് നേടിയതിനെ കുറിച്ചും ആരോഗ്യനിലയെ കുറിച്ചുവരെയും താരം സംസാരിച്ചിരുന്നു. പുറത്ത് നല്ല മഴയാണെന്നും അതുകൊണ്ടുതന്നെ ഇനിയുള്ള ഒരു അര മണിക്കൂര്‍ നിങ്ങളുമായി സംസാരിക്കാം എന്നാണ് കരുതുന്നതെന്നും പറഞ്ഞാണ് ഷാരൂഖ് സംവാദം തുടങ്ങിവെക്കുന്നത്.

‘നിങ്ങള്‍ക്കിപ്പോള്‍ പ്രായമായി, മറ്റ് അഭിനേതാക്കള്‍ക്ക് വരാന്‍ വേണ്ടി വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചുകൂടെ’ എന്നൊരു ആരാധകര്‍ താരത്തോട് ചോദിച്ചു. ഇതിന് മറുപടിയായി, ‘സഹോദരന്റെ ബാലിശമായ ചോദ്യങ്ങള്‍ അവസാനിച്ചാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നല്ലത് ചോദിക്കാം! അതുവരെ നിങ്ങളുടെ സമാധാനത്തിനായി താത്ക്കാലിക വിരമിക്കല്‍ ഞാന്‍ പരിഗണിക്കാം,’ എന്നാണ് ഷാരൂഖ് പറഞ്ഞത്.

ദേശീയ അവാര്‍ഡ് നേടിയതിന് ശേഷം എന്ത് തോന്നുന്നു എന്ന ചോദ്യത്തിനും ഷാരൂഖ് ഖാന്‍ മറുപടി നല്‍കി. ‘അയ്യോ! എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാന്‍ രാജ്യത്തിന്റെ രാജാവാണെന്ന ഫീലാണ്. ഇനിയും ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്നും എന്റെ ഉത്തരവാദിത്തം കൂടിയതായും തോന്നുന്നു,’ ഷാരൂഖ് പറഞ്ഞു. ജവാന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി ഷാരൂഖ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

താരത്തിന്റെ പ്രിയപ്പെട്ട ടൈം പാസ് ഏതാണെന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു. കുറച്ചൊക്കെ വായിക്കാറുണ്ടെന്നും പിന്നെ കിംഗ് സിനിമക്ക് വേണ്ടി ഡയലോഗുകള്‍ പഠിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം കിംഗ് സിനിമയുടെ ഷൂട്ടിനിടയില്‍ താരത്തിന് പരിക്കേറ്റിരുന്നു.

Content Highlight: Aren’t you old enough to retire for other actors? Shah Rukh Khan responds to question