ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിക്കണം, പരിഹാരം ദ്വിരാഷ്ട്രം; പിന്തുണയുമായി ആര്‍ച്ച് ബിഷപ്പ് സാറാ മുള്ളല്ലി
World News
ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിക്കണം, പരിഹാരം ദ്വിരാഷ്ട്രം; പിന്തുണയുമായി ആര്‍ച്ച് ബിഷപ്പ് സാറാ മുള്ളല്ലി
ആദര്‍ശ് എം.കെ.
Friday, 26th June 2026, 8:35 am

 

ലണ്ടന്‍: ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശം പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഫലസ്തീന്‍ ജനത അര്‍ഹിക്കുന്ന സ്വാതന്ത്ര്യവും സമാധാനവും നേടിയെടുക്കാന്‍ പിന്തുണ നല്‍കുമെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനും കാര്‍റര്‍ബറി ആര്‍ച്ച് ബിഷപ്പുമായ ഡെയിം സാറാ മുള്ളല്ലി. അഞ്ച് ദിവസം നീണ്ടുനിന്ന ചരിത്രപരമായ ഫലസ്തീന്‍ സന്ദര്‍ശനത്തിനൊടുവിലാണ് അവര്‍ ഈ ശക്തമായ ആഹ്വാനം നടത്തിയത്.

ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ എത്തിക്കുക, മേഖലയിലെ പുരാതനമായ ക്രിസ്തീയ സാന്നിധ്യം നിലനിര്‍ത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ ഈ നയതന്ത്ര സന്ദര്‍ശനം.

ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്ന് ലോകമെമ്പാടുമുള്ള ആംഗ്ലിക്കന്‍ വിശ്വാസികളോട് ആര്‍ച്ച് ബിഷപ്പ് സാറാ മുള്ളല്ലിയും ജെറുസലേമിലെ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഹോസം നൗമും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

‘ഇസ്രഈലികള്‍ക്കും ഫലസ്തീനികള്‍ക്കും സമാധാനത്തോടും അന്തസ്സോടും കൂടി ജീവിക്കാന്‍ കഴിയുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരമാണ് ഉണ്ടാകേണ്ടത്. ചര്‍ച്ചകളിലൂടെ ജെറുസലേമിനെ ഇരു രാജ്യങ്ങളുടെയും പൊതു തലസ്ഥാനമായി നിശ്ചയിക്കണം,’ ഇരുവരും പറഞ്ഞു.

തന്റെ സന്ദര്‍ശന വേളയില്‍ ഫലസ്തീന്‍ ജനത അനുഭവിക്കുന്ന കഠിനമായ ദുരിതങ്ങളെക്കുറിച്ച് മുള്ളല്ലി വിശദീകരിച്ചു. വെസ്റ്റ് ബാങ്ക്, ഗസ, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളില്‍ ഇസ്രഈല്‍ സൈനിക ചെക്ക് പോസ്റ്റുകളുടെ ശൃംഖല സൃഷ്ടിക്കുന്ന യാത്രാവിലക്കുകളെക്കുറിച്ചും, അനധികൃത കുടിയേറ്റക്കാരുടെ വര്‍ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ചും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.

തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ കാരണം ഗസയിലെ ആരോഗ്യ സംവിധാനം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മേഖലയെ അസ്ഥിരപ്പെടുത്തുന്ന മാനുഷിക പ്രതിസന്ധികളില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ മുന്‍ ഉന്നത വൈദികരും നേരത്തെ ആശങ്കയറിയിച്ചിരുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ബിര്‍സെയ്റ്റിലുള്ള സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ പ്രാദേശിക സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തെ ‘വിശ്വാസപരമായ പ്രതിരോധം’ എന്നാണ് ആര്‍ച്ച് ബിഷപ്പ് വിശേഷിപ്പിച്ചത്.

‘ദൈനംദിന ബുദ്ധിമുട്ടുകള്‍ക്കിടയിലും ചെക്ക് പോസ്റ്റുകള്‍ കടന്ന് കുട്ടികളെ സ്‌കൂളില്‍ വിടുന്നതും, കുടുംബത്തിന് വരുമാനം കണ്ടെത്താന്‍ കഷ്ടപ്പെടുന്നതും, പള്ളിയില്‍ ഒത്തുകൂടുന്നതുമെല്ലാം നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. യേശുക്രിസ്തുവും ഇത്തരമൊരു വിദേശ അധിനിവേശത്തിന് കീഴിലാണ് ജീവിച്ചിരുന്നത്,’ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ തങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രഈല്‍ ശ്രമത്തിനെതിരെ 1991 മുതല്‍ നിയമപരമായി പോരാടുന്ന ഫലസ്തീന്‍ ക്രിസ്ത്യന്‍ കുടുംബത്തെ ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശിച്ചു. അവരോടൊപ്പം ഒരു ഒലിവ് മരം നട്ടുകൊണ്ട്, ഇത് ഫലസ്തീന്‍ ജനതയ്ക്ക് ഈ മണ്ണിലുള്ള ആഴത്തിലുള്ള വേരുകളുടെ പ്രതീകമാണെന്ന് അവര്‍ വ്യക്തമാക്കി.

ഇസ്രഈല്‍ സൈന്യം അന്യായമായി തടവിലാക്കിയ ശേഷം അടുത്തിടെ മോചിപ്പിക്കപ്പെട്ട ലയാന്‍ നാസിര്‍ എന്ന ഫലസ്തീന്‍ ക്രിസ്ത്യന്‍ യുവതിയെയും മറ്റ് ഫലസ്തീന്‍ തടവുകാരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ച അവര്‍ ആത്മീയമായ പിന്തുണ അറിയിച്ചു. അന്യായമായി തടവിലാക്കപ്പെട്ട എല്ലാവരുടെയും മോചനത്തിനായി മുള്ളെലിയും സംഘവും പ്രാര്‍ത്ഥനയും നടത്തി.

ഫലസ്തീനിലെ പുരാതന ക്രിസ്ത്യന്‍ സാന്നിധ്യം ഇല്ലാതാകുന്നതിലുള്ള ആഴമായ ആശങ്ക പങ്കുവെച്ച ആര്‍ച്ച് ബിഷപ്പ്, ഫലസ്തീന്‍ ജനതയെ ക്രിസ്തീയ സമൂഹം മറന്നിട്ടില്ലെന്നും അവര്‍ക്ക് അര്‍ഹമായ സമാധാനത്തിനും സ്വാതന്ത്ര്യത്തിനുമായി തന്റെ പദവി ഉപയോഗിക്കുമെന്നും ഉറപ്പുനല്‍കി.

 

Content Highlight: Archbishop of Carmarthenshire Dame Sarah Mullally calls for a complete end to the Israeli occupation of Palestine

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.