'നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ, മറ്റുള്ളവര്‍ അവരുടെ ജോലികള്‍ ചെയ്‌തോളും'; കേന്ദ്ര സര്‍ക്കാരിനോട് കെജ്‌രിവാള്‍
national news
'നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ, മറ്റുള്ളവര്‍ അവരുടെ ജോലികള്‍ ചെയ്‌തോളും'; കേന്ദ്ര സര്‍ക്കാരിനോട് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2023, 4:21 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി എല്ലാ കാര്യങ്ങളിലും ഇടപെടുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും എല്ലാ കാര്യങ്ങളിലും ഇടപെടുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം സമ്പ്രദായത്തില്‍ കേന്ദ്രവും സുപ്രീംകോടതിയും തമ്മില്‍ നടക്കുന്ന പ്രശ്‌നങ്ങളെ ഉദ്ധരിച്ചുക്കൊണ്ടാണ് കെജരിവാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിമര്‍ശനം നടത്തിയത്.

കേന്ദ്രത്തിന് കേന്ദ്രത്തിന്റെ പണി നോക്കിയാല്‍ പോരെ, എന്തിനാണ് എല്ലാ കാര്യത്തിലും ഇടപെടുന്നതെന്ന് കെജ്‌രിവാള്‍ ചോദിച്ചു. ജഡ്ജിമാര്‍, സുപ്രീംകോടതി, സംസ്ഥാനങ്ങള്‍, കര്‍ഷകര്‍, വ്യാപാരികള്‍ എന്നിങ്ങനെ എല്ലാവരുടെയും കാര്യത്തില്‍ ഇടപെട്ട് പ്രശ്‌നം സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതെ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നും കേന്ദ്രത്തെ വിമര്‍ശിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര നടപടികളെ കെജ്‌രിവാള്‍ വിമര്‍ശിച്ചിരുന്നു. ഇ.ഡിയെ കേന്ദ്രം വിലക്കെടുക്കുകയാണ്. ഇ.ഡിയെ ഉപയോഗിച്ച് കൊണ്ട് സര്‍ക്കാരുകളെ അട്ടിമറിച്ച് എം.എല്‍.എമാരെ വാങ്ങുകയാണ് മോദി ചെയ്യുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കും തനിക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കൊണ്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെജ്‌രിവാള്‍ ഇ.ഡിക്കെതിരെ സംസാരിച്ചത്.

നേരത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ‘ഗവണ്‍മെന്റ് ഓഫ് എന്‍.സി.ടി ഓഫ് ദല്‍ഹി ആക്ടിനെ ‘ അരവിന്ദ് കെജ്‌രിവാള്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു.

 

Content Highlight: Aravind  Kejriwal criticizes central government