സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അരസന്‍. വെട്രിമാരനൊപ്പം സിലമ്പരസന്‍ ആദ്യമായി കൈകോര്‍ക്കുന്നുവെന്നാണ് അരസന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ആകാംക്ഷയുടെ കൊടുമുടിയിലാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്.
കാത്തിരിപ്പിനൊടുവില്‍ അരസന്റെ ഷൂട്ടിന് ഇന്ന് തിരിതെളിഞ്ഞു. മധുരൈയില്‍ ഗ്രാന്‍ഡായിട്ടുള്ള സെറ്റിലാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്. സിലമ്പരസന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തുകഴിഞ്ഞു. എസ്.ടി.ആറിന്റെ ചെറുപ്പകാലത്തെ ഗെറ്റപ്പിലെ കഥയാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളാണ് വെട്രിമാരന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
സിലമ്പരസനൊപ്പം മറ്റ് താരങ്ങളും അരസനില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. സമുദ്രക്കനി, കിഷോര്‍, സമ്പത്ത് തുടങ്ങിയവര്‍ അരസന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ ആരാണ് ചിത്രത്തിലെ നായികയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടില്ല. 2026 ഏപ്രിലില്‍ ചിത്രം പൂര്‍ത്തിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വട ചെന്നൈ യൂണിവേഴ്‌സിലെ കഥയായതിനാല്‍ ആ സിനിമയിലെ കഥാപാത്രങ്ങളില്‍ പലരും അരസനിലുമുണ്ടെന്ന് വെട്രിമാരന്‍ അറിയിച്ചിരുന്നു. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്നത് അന്‍പ്- അരസന്‍ ഫേസ് ഓഫ് സീനിനാണ്. കഥയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ലെങ്കിലും ചില ഫാന്‍ തിയറികള്‍ അരസനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.
വട ചെന്നൈയില്‍ ധനുഷ് അവതരിപ്പിച്ച അന്‍പ് എന്ന കഥാപാത്രത്തെ മുടി വളര്‍ത്തിയതിന്റെ പേരില്‍ പൊലീസുകാര്‍ ചോദ്യം ചെയ്യുന്ന രംഗമാണ് യൂണിവേഴ്‌സിലേക്ക് കണക്ട് ചെയ്യിക്കുന്ന രംഗമെന്നാണ് ചിലരുടെ കണ്ടുപിടിത്തം. എന്നാല്‍ ഈ ഫാന്‍ തിയറിയെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചിട്ട് കൂടിയില്ലെന്ന് വെട്രിമാരന്‍ അറിയിച്ചിരുന്നു.
വെട്രിമാരന്റെ കരിയറില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള ചിത്രമാണ് വട ചെന്നൈ. റിലീസ് ചെയ്ത് ഏഴ് വര്‍ഷമായിട്ടും വട ചെന്നൈയുടെ രണ്ടാം ഭാഗത്തെക്കുറിച്ചാണ് പലരും വെട്രി മാരനോട് ചോദിക്കുന്നത്. അരസന് ശേഷമാകും വട ചെന്നൈയുടെ രണ്ടാം ഭാഗമുള്‍പ്പെടെയുള്ള സിനിമകളിലേക്ക് വെട്രി മാരന്‍ കടക്കുക.
Content Highlight: Arasan movie shoot started today