ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയവുമായി പാകിസ്ഥാന്‍. ശ്രീലങ്ക-ഇംഗ്ലണ്ട്-പാകിസ്ഥാന്‍-ട്രൈനേഷന്‍ സീരീസില്‍ ത്രീ ലയണ്‍സിനെ 87 റണ്‍സിന് തകര്‍ത്താണ് പാകിസ്ഥാന്‍ വിജയമാഘോഷിച്ചത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 303 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 38.4 ഓവറില്‍ 215ന് പുറത്തായി.

റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ അറാഫത്ത് മിന്‍ഹാസിന്റെ ഓള്‍റൗണ്ട് മികവിലാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. ബാറ്റെടുത്തപ്പോള്‍ അര്‍ധ സെഞ്ച്വറിയും പന്തെടുത്തപ്പോള്‍ ഫൈഫറും നേടിയാണ് മിന്‍ഹാസ് തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനായി ഏഴാം നമ്പറിലിറങ്ങി 58 പന്തില്‍ 59 റണ്‍സാണ് മിന്‍ഹാസ് നേടിയത്. ഒമ്പത് ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പന്തെടുത്തപ്പോള്‍ 8.4 ഓവറില്‍ വെറും 40 റണ്‍സിന് ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ടോം ബാന്റണ്‍ (53 പന്തില്‍ 57), ഹാരി ബ്രൂക് (ഏഴ് പന്തില്‍ അഞ്ച്), ജോര്‍ദന്‍ കോക്‌സ് (16 പന്തില്‍ 18), വില്‍ ജാക്‌സ് (24 പന്തില്‍ 19), ജെയ്മി ഓവര്‍ട്ടണ്‍ (നാല് പന്തില്‍ ഒന്ന്) ആദില്‍ റഷീദ് (ഗോള്‍ഡന്‍ ഡക്ക്) എന്നിവരെയാണ് മിന്‍ഹാസ് മടക്കിയത്.

ഇതോടെ ഒരു റെക്കോഡ് നേട്ടവും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഒരു ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറിയും ആറ് വിക്കറ്റും സ്വന്തമാക്കുന്ന ഏഴാമത് താരവും രണ്ടാമത് പാക് താരവുമായാണ് മിന്‍ഹാസ് തന്റെ പേര് റെക്കോഡ് ബുക്കില്‍ ഏഴുതിച്ചേര്‍ത്തത്.

ഒരു ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറിയും ആറ് വിക്കറ്റും

(താരം – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ലാന്‍സ് ക്ലൂസ്‌നര്‍ – സൗത്ത് ആഫ്രിക്ക – ശ്രീലങ്ക – ലാഹോര്‍ – 1997

സ്‌കോട്ട് സ്‌റ്റൈറിസ് – ന്യൂസിലാന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ – 2002

പോള്‍ കോളിങ് വുഡ് – ഇംഗ്ലണ്ട് – ബംഗ്ലാദേശ് – നോട്ടിങ്ഹാം – 2005

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – വെസ്റ്റ് ഇന്‍ഡീസ് – പ്രൊവിഡന്‍സ് – 2013

ജോഷ് ഡേവി – സ്‌കോട്‌ലാന്‍ഡ് – അഫ്ഗാനിസ്ഥാന്‍ – അബുദാബി – 2015

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – അഫ്ഗാനിസ്ഥാന്‍ – ഗ്രേറ്റര്‍ നോയ്ഡ – 2017

അറാഫത്ത് മിന്‍ഹാസ് – പാകിസ്ഥാന്‍ – ഇംഗ്ലണ്ട് – റാവല്‍പിണ്ടി – 2026*

ഈ മികച്ച പ്രകടനത്തിന് പിന്നാലെ മിന്‍ഹാസിനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തതും.

ഒക്ടോബര്‍ 25നാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ഇംഗ്ലണ്ട് തന്നെയാണ് എതിരാളികള്‍.

 

Content Highlight: Arafat Minhas becomes the seventh player to score a half-century and take six wickets in a single ODI.