ഗസ: ഗസയില്‍ ഇസ്രഈല്‍ വംശഹത്യ തുടരുകയും സാധാരണക്കാരായ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുമ്പോള്‍ ഇസ്രഈലുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്ന് ഹമാസ്.
ഗസ: ഗസയില്‍ ഇസ്രഈല്‍ വംശഹത്യ തുടരുകയും സാധാരണക്കാരായ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുമ്പോള്‍ ഇസ്രഈലുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്ന് ഹമാസ്.
മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുകയാണെന്നും യുദ്ധം കൂടുതല്‍ തീവ്രമാക്കാനാണ് ഇസ്രഈല്‍ ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ട് പോവുന്നതെന്നും ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ഡെപ്യൂട്ടി മേധാവി ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ഹമാസിന്റെ ടെലഗ്രാം ചാനല്‍ വഴി പുറത്തുവിട്ട വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗസയിലെ ഉപരോധം അവസാനിപ്പിക്കുന്നതിനായി അറബ് രാജ്യങ്ങള്‍ സഹായിക്കണമെന്നും ഉപരോധം അവസാനിപ്പിക്കാനായി അറബ്, മുസ്‌ലിം രാഷ്ട്രങ്ങള്‍ ഗസയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കര മാര്‍ഗവും കടല്‍മാര്‍ഗവും മാര്‍ച്ച് ചെയ്യണമെന്നും ഇസ്രഈലി എംബസികള്‍ വളയണമെന്നും അദ്ദേഹം പറഞ്ഞു.
ഗസയെ പട്ടിണി കിടന്ന് മരിക്കാന്‍ അനുവദിക്കരുതെന്നും ഇസ്രഈലിനെ സമ്മര്‍ദത്തിലാഴ്ത്താനായി ജൂതരാഷ്ട്രവുമായുള്ള എല്ലാ രാഷ്ട്രീയ, നയതന്ത്ര, വാണിജ്യ ബന്ധങ്ങളും വിച്ഛേദിക്കണമെന്നും അദ്ദേഹം അറബ് രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.
ദോഹയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് അമേരിക്കയും ഇസ്രഈലും ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയത്. വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ദേശത്തോട് ഹമാസ് വിയോജിപ്പ് രേഖപ്പെടുത്തിയതാണ് ഇസ്രഈലിനേയും അമേരിക്കയേയും ചൊടിപ്പിച്ചത്.
എന്നാല്‍ ഗസ ജനതയ്ക്ക് വിരുദ്ധമായ നിലപാടുകളൊഴിച്ച് ബാക്കി സാധ്യമായ എല്ലാ വിട്ടുവീഴ്ച്ചകളും ചെയ്തുവെന്ന് അല്‍ ഹയ്യ പറഞ്ഞു. കഴിഞ്ഞ റൗണ്ട് ചര്‍ച്ചകളില്‍ വ്യക്തമായ പുരോഗതി ഉണ്ടായെന്നും മധ്യസ്ഥര്‍ നിര്‍ദേശിച്ച പ്രധാന ആവശ്യങ്ങള്‍ ഹമാസ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ഗസയുടെ മൂന്ന് മേഖലകളില്‍ രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ സൈനിക ഓപ്പറേഷനുകള്‍ നടത്തില്ലെന്ന് ഇസ്രഈല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗസയിലെ അല്‍ മവാസി, ഡെയിര്‍ അല്‍ ബലാഹ്, ഗസ സിറ്റി എന്നിവിടങ്ങളിലാണ് നിശ്ചിത സമയത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
ഭക്ഷണവും മരുന്നും എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ക്ക് സുരക്ഷിതമായ വഴികള്‍ ഒരുക്കി നല്‍കുമെന്നും ഇസ്രഈല്‍ സൈന്യം അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സഹായട്രക്കുകള്‍ ഗസയില്‍ എത്തി തുടങ്ങി.
ഗസയിലെ യുദ്ധത്തില്‍ പട്ടിണിയേയും ഒരായുദ്ധമായി ഉപയോഗിക്കുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹങ്ങളില്‍ നിന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇസ്രഈലിന്റെ പുതിയ തീരുമാനം.
Content Highlight: Arab nations must march to Gaza by land and sea to end blockade: Hamas