ഇസിസ് തീവ്രവാദത്തെ നേരിടാന്‍ അറബ് ലീഗ് ഒരുങ്ങുന്നു
Daily News
ഇസിസ് തീവ്രവാദത്തെ നേരിടാന്‍ അറബ് ലീഗ് ഒരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th September 2014, 10:15 am

Arab-league-el-arabyദുബായ്: തീവ്രവാദസംഘടനയായ ഇസിസിനെ സൈനികമായും രാഷ്ട്രീയമായും നേരിടാന്‍ അറബ് ലീഗിന്റെ ആഹ്വാനം. കെയ്‌റോയില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇസിസിനെ നേരിടാനുള്ള ശക്തമായ നടപടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇസിസിനെ നേരിടുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അതിനായി അന്തര്‍ദേശീയ-ദേശീയ സഹകരണങ്ങള്‍ക്ക് പരിശ്രമിക്കുമെന്നും ലീഗ് വ്യക്തമാക്കി.

“സൈനികവും രാഷ്ട്രീയവുമായ സരമഗ്രമായ മുന്നണി രൂപീകരിക്കാനുള്ള വ്യക്തമായ തീരുമാനമാണ് ആവശ്യം.” അറബ് ലീഗ് മേധാവി നബീല്‍ അല്‍ അറബി പറഞ്ഞു. “ഇറാഖിലെയൂം സിറിയയിലേയും ഇസ്‌ലാമിക തീവ്രവാദികളിലേയ്ക്ക് വിദേശത്തുനിന്നുള്ള പ്രവര്‍ത്തകരും പണവും പിന്തുണയും ലഭിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണ”മെന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തിന് അറബ് ലീഗ് പിന്തുണ അറിയിച്ചു.

[]22 അംഗങ്ങളുള്ള ലീഗിനുള്ളിലെ ഉള്‍പ്പോരിനെയും അല്‍ അറബി നിശിതമായി വിമര്‍ശിച്ചു. ഇത്തരം ഉള്‍പോരുകളാണ് ഇപ്പോള്‍ നിഷ്‌ക്രിയാവസ്ഥയ്ക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

“ചില അറബ് രാജ്യങ്ങള്‍ തങ്ങളുടെ ആഭ്യന്തര പ്രതിസന്ധികളില്‍ അറബ് ലീഗിനെ ഇടപെടാന്‍ അനുവദിക്കാറില്ല. അങ്ങനെ വരുമ്പോള്‍ സൈനികമായി പോലും അവിടങ്ങളില്‍ വൈദേശിക കടന്നുകയറ്റങ്ങള്‍ ഉണ്ടാവുന്നു.” അല്‍ അറബി കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്നപേരില്‍ ഇപ്പോള്‍ നടന്നുവരുന്ന മനുഷ്യക്കുരുതികളെയും ഭീകരതയെയും അറബ് ലീഗിന്റെ എല്ലാ അംഗരാജ്യങ്ങളും കുറ്റപ്പെടുത്തി. അതിന്റെ തീവ്രതയെ കുറിച്ച് എല്ലാ രാജ്യങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അറബ് ലോകവും ഇസ്‌ലാമിക ലോകവും അഭിമുഖീകരിക്കുന്ന ആഭ്യന്തരവും പ്രാദേശികവുമായ ഭീകരവാദങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ആവശ്യപ്പെട്ടു.