അടുത്തിടെ കണ്ട് ഇഷ്ടപെട്ട സിനിമയേതാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകൻ എ.ആർ. മുരുഗദോസ്. പ്രേം കുമാർ സംവിധാനം ചെയ്ത മെയ്യഴകൻ കണ്ടപ്പോൾ തനിക്ക് അത്ഭുതം തോന്നിയെന്ന് മുരുഗദോസ് പറയുന്നു. വളരെ രസകരമായ സിനിമയാണ് അതെന്നും വെറും രണ്ട് പേരുടെ സംഭാഷണം കൊണ്ട് മാത്രം ഒരു സിനിമ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് മെയ്യഴകൻ കാണിച്ച് തന്നെന്നും അദ്ദേഹം പറഞ്ഞു.
‘മെയ്യഴകൻ എന്ത് രസമുള്ള സിനിമയാണ്. വെറും രണ്ട് ആർട്ടിസ്റ്റുകളെ വെച്ച് സംസാരിച്ചുകൊണ്ട് തന്നെ അവർ ആ സിനിമ എത്ര ഭംഗിയായിട്ടാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നെ അറസ്റ്റ് ചെയ്തതുപോലെ ഉണ്ടായിരുന്നു. ഞാൻ ആ സിനിമക്ക് അഡിക്ട് ആയിരുന്നു. ഓരോ ഫ്രെയിമും വീണ്ടും വീണ്ടും ഞാൻ കണ്ടു.
അത് കണ്ടിട്ട് ഞാൻ ഉടനെ സംവിധായകനെ വിളിച്ചു. എങ്ങനെയാണ് ഇത്ര മനോഹരമായി സിനിമയെടുക്കാൻ കഴിയുന്നതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എങ്ങനെയാണ് അദ്ദേഹം ഇത് എഴുതുന്നതെന്നൊക്കെ എനിക്ക് സംശയമായിരുന്നു. കാരണം രണ്ടാളുകൾ സംസാരിക്കുന്നത് കാണിച്ചുകൊണ്ടാണ് ആ സിനിമ മുന്നോട്ട് പോകുന്നത്,’ എ.ആർ. മുരുഗദോസ് പറയുന്നു.
മെയ്യഴകനിലെ അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തെ കണ്ടപ്പോൾ തനിക്ക് കുറ്റബോധം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നമ്മൾ ജീവിതത്തിൽ എത്രയോ ആളുകളുമായി പാസ് ചെയ്ത് പോകുന്നുണ്ട്. പക്ഷെ നമ്മുടെ ഏതെങ്കിലും ഒരു പ്രവൃത്തി അവരിൽ ആരുടെയെങ്കിലും ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടാകില്ലേ, അത് മനസിലാക്കാൻ കഴിയുന്നില്ലലോ എന്നോർത്താണ് കുറ്റബോധം. അതുപോലെ തന്നെ കാർത്തിയൊക്കെ എന്ത് മനോഹരമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്!,’ എ.ആർ. മുരുഗദോസ് പറഞ്ഞു.
മെയ്യഴകൻ കണ്ടുകഴിഞ്ഞപ്പോൾ കാർത്തിയെയും അരവിന്ദ് സ്വാമിയെയും പോലെയുള്ള ഒരു മൂന്ന് പേരെങ്കിലും മനസിലൂടെ പോയി, ഇത്രയും നല്ലവരായിരുന്നല്ലോ അവരെന്നെ തോന്നൽ തനിക്ക് വന്നെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള കൺസെപ്റ്റ് എല്ലാം താൻ ഇതിന് മുമ്പ് മലയാളത്തിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ഇത്രയും ചെറിയ വൺ ലൈനിലെല്ലാം സിനിമ ചെയ്യാൻ കഴിയുമോ എന്ന് തോന്നിയെന്നും മുരുഗദോസ് പറയുന്നു.
മെയ്യഴകൻ
തമിഴിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് മെയ്യഴകൻ. 96ന് ശേഷം പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാനവേഷത്തിലെത്തിയത്. രണ്ട് പേരുടെ സൗഹൃദത്തോടൊപ്പവും ഗ്രാമത്തിന്റെ ഭംഗിയും ഗ്രാമീണ നിഷ്‌കളങ്കതയും മനോഹരമായി വരച്ചിട്ട ചിത്രമാണ് മെയ്യഴകൻ. ഗോവിന്ദ് വസന്തയാണ് മെയ്യഴകന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Content Highlight: AR Murugados talks about Meiyazhagan movie