'എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് കഴിയുന്ന ദിവസം'; കേന്ദ്രം എണ്ണ വില കൂട്ടുന്ന തീയതിയും കാരണവും പ്രവചിച്ച് കോണ്‍ഗ്രസ്
India
'എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് കഴിയുന്ന ദിവസം'; കേന്ദ്രം എണ്ണ വില കൂട്ടുന്ന തീയതിയും കാരണവും പ്രവചിച്ച് കോണ്‍ഗ്രസ്
അനിത സി
Friday, 27th March 2026, 8:07 pm

ന്യൂദല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ പത്ത് രൂപ വീതം കുറച്ചിട്ടും അതിന്റെ പ്രയോജനം ഉപഭോക്താവിന് നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്.

തീരുവ കുറച്ചിട്ടും എണ്ണ വിലയില്‍ മാറ്റം വന്നില്ല. തീരുവ കുറച്ചത് എണ്ണ കമ്പനികള്‍ക്ക് വേണ്ടിയാണ്. രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിമര്‍ശിച്ചു. കഴിഞ്ഞ പതിനൊന്നര വര്‍ഷമായി 12 തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. അപ്പോഴൊക്കെ അത് എണ്ണ വിലയിലും പ്രതിഫലിച്ചു. എന്നാല്‍, നിലവില്‍ എക്‌സൈസ് തീരുവ കുറച്ചപ്പോള്‍ ജനങ്ങള്‍ക്ക് ഗുണം ലഭിച്ചില്ലെന്നും ഖേര ചൂണ്ടിക്കാണിച്ചു.

ഉപഭോക്താക്കള്‍ക്ക് തീരുവ കുറച്ചതന്റെ ഫലം കൈമാറാത്ത പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് പുരിയുടെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും വോട്ടെടുപ്പ് ഏപ്രില്‍ 29ഓടെ അവസാനിക്കുമ്പോള്‍ ഏപ്രില്‍ 30ന് തന്നെ നരേന്ദ്ര മോദി സര്‍ക്കാര്‍ എണ്ണ വില വര്‍ധിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

12 വര്‍ഷത്തിനിടെ നിരവധി തവണ ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞപ്പോള്‍ രാജ്യത്തെ ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇപ്പോള്‍ എക്‌സൈസ് തീരുവ കുറച്ചിരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഏപ്രില്‍ 30 വരെ കാത്തിരിക്കൂവെന്നും അദ്ദേഹം കുറിച്ചു.

നാല് സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും വോട്ടെടുപ്പുകള്‍ വിവിധ ദിവസങ്ങളിലാണ്. എങ്കിലും എല്ലാ വോട്ടെടുപ്പുകളും ഏപ്രില്‍ 29ഓടെ അവസാനിക്കും. മേയ് നാലിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ ഭാരം ചുമത്താനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ വേണ്ടിയാണ് എണ്ണ വിലയില്‍ മാറ്റം കൊണ്ടുവരാത്തതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറും പ്രതികരിച്ചു.

അതേസമയം, ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറെന്നതില്‍ നിന്ന് 122 ഡോളറായി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ എണ്ണ കമ്പനികളുടെ നഷ്ടം കുറയ്ക്കുന്നതിനാണ് തീരുവ കുറച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

മറ്റ് രാജ്യങ്ങളെ പോലെ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിച്ചില്ലെന്നും പ്രധാനമന്ത്രി മോദി കഴിഞ്ഞ നാല് വര്‍ഷമായി ജനങ്ങളെ സംരക്ഷിക്കുന്നതിനായി സ്വയം ഭാരം ഏറ്റെടുത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി എക്‌സിലൂടെ പ്രതികരിച്ചിരുന്നു.

Content Highlight: April 30 ; Congress predicts date and reason for Central Govt to hike oil prices

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.