നാടകം കളിച്ച് ജീവിക്കുന്ന ഒരു കഥാപാത്രം സിനിമയില്‍ വരും, അത് നിങ്ങള്‍ അഭിനയിക്കും എന്ന് അന്ന് ഹര്‍ഷാദിക്ക പറഞ്ഞു: അപ്പുണ്ണി ശശി
Film News
നാടകം കളിച്ച് ജീവിക്കുന്ന ഒരു കഥാപാത്രം സിനിമയില്‍ വരും, അത് നിങ്ങള്‍ അഭിനയിക്കും എന്ന് അന്ന് ഹര്‍ഷാദിക്ക പറഞ്ഞു: അപ്പുണ്ണി ശശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th May 2022, 11:50 pm

പുഴുവില്‍ മമ്മൂട്ടിക്കും പാര്‍വതിക്കുമൊപ്പം പ്രേക്ഷകര്‍ പ്രശംസിക്കുന്ന കഥാപാത്രമാണ് ബി.ആര്‍. കുട്ടപ്പന്‍. സിനിമയിലും നാടകത്തിലും ഒരുപോലെ സജീവമായ അപ്പുണ്ണി ശശിയാണ് കുട്ടപ്പനെ സിനിമയില്‍ അവതരിപ്പിച്ചത്.

പുഴുവിന്റെ തിരക്കഥാകൃത്തായ ഹര്‍ഷാദാണ് അപ്പുണ്ണി ശശിയെ ഈ ചിത്രത്തിലേക്ക് കൊണ്ടുവരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹര്‍ഷാദ് തന്റെ നാടകം കാണാന്‍ ഇടവന്നതും അത് പുഴുവിലേക്കുള്ള വഴി തെളിച്ചതിനെ പറ്റിയും പറയുകയാണ് അപ്പുണ്ണി ശശി.

ഡൂള്‍ന്യൂസിനായി അമൃത റ്റി. സുരേഷ് നടത്തിയ അഭിമുഖത്തിലാണ് അപ്പുണ്ണി ശശി ഇക്കാര്യം പറഞ്ഞത്.

‘പുഴു എന്ന സിനിമ ഹഹര്‍ഷാദിക്ക കൊണ്ടു തന്ന ഭാഗ്യമാണ്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹത്തിനെ അറിയാം. അന്ന് സംസാരിക്കുമ്പോള്‍ തന്നെ അറിയാം ഇദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു തീപ്പൊരിയുണ്ടെന്ന്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ടൗണ്‍ ഹാളില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രശ്‌നം പറയുന്ന ഒരു നാടകം കളിച്ചിരുന്നു. ഞാന്‍ ഒറ്റക്ക് കളിച്ച നാടകമാണ്. അത് ഹര്‍ഷാദിക്കയും കണ്ടിരുന്നു. അന്ന് അദ്ദേഹം എന്നെ ഒരുപാട് അഭിനന്ദിച്ചു. പോകാന്‍ നേരത്ത് നാടകം കളിച്ച് ജീവിക്കുന്ന ഒരു കഥാപാത്രം സിനിമയില്‍ വരും, അത് നിങ്ങള്‍ അഭിനയിക്കും എന്ന് പറഞ്ഞു. അങ്ങനെ തമാശ പറഞ്ഞുപോകുന്ന ആളല്ല അദ്ദേഹം എന്ന് എനിക്കറിയാം.

പിന്നീട് സെറ്റില്‍ വെച്ച് അദ്ദേഹം എന്നോട് അന്ന് പറഞ്ഞതോര്‍മയുണ്ടോ എന്ന് ചോദിച്ചു. പുഴുവില്‍ നാടകക്കാരന്റെ വേഷം കിട്ടിയപ്പോള്‍ എനിക്ക് വളരെ സന്തോഷമായി,’ അപ്പുണ്ണി ശശി പറഞ്ഞു.

ഇതിനോടകം തന്നെ 80ലധികം ചിത്രങ്ങളില്‍ അപ്പുണ്ണി ശശി അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലെ മാണിക്യത്തിന്റെ സഹോദരനായുള്ള അപ്പുണ്ണിയുടെ പ്രകടനമാണ് സിനിമാ മേഖലയില്‍ ഇദ്ദേഹത്തെ ആദ്യമായി ശ്രദ്ധേയനാക്കിയത്.

രഞ്ജിത്തിന്റെ തന്നെ ഞാന്‍ എന്ന സിനിമയിലും മികച്ച അഭിനയമാണ് അപ്പുണ്ണി ശശി കാഴ്ച വെച്ചത്. ഈ കഥാപാത്രത്തിന് കേരളാ സാമൂഹ്യക്ഷേമ വകുപ്പിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡും, ശാന്താദേവി പുരസ്‌കാരവും ലഭിച്ചിരുന്നു. ഇന്ത്യന്‍ റുപ്പി, പാവാട, കപ്പേള, ആന അലറലോടലറല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: appunni Sasi talks about how Harshad, the script writter of puzhu, came to see his play years ago