തിരുവനന്തപുരം: താത്കാലിക വി.സി നിയമനത്തിലെ ഹൈക്കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി രാജ്ഭവന്‍. ഡിജിറ്റല്‍, സാങ്കേതിക സര്‍വകാലശാലകളിലെ താത്കാലിക വി.സി നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ വിധി കൂട്ടാക്കാതെ രാജ്ഭവന്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുകയാണ്. നാളെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും. നിയമ വിദഗ്ദരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സുപ്രീം കോടതിയില്‍ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. സര്‍വകലാശാലകളിലെ ഭരണ പ്രതിസന്ധിയും പ്രശ്‌നങ്ങളും അയവില്ലാതെ തുടരുന്നതിനിടെയാണ് രാജ്ഭവന്‍ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്.
താത്കാലിക വി.സി നിയമനത്തില്‍ ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഗവര്‍ണര്‍ ചോദ്യം ചെയ്തത്.
ആറുമാസത്തില്‍ അധികം വി.സിയുടെ കസേരകള്‍ ഒഴിച്ചിടാന്‍ ആവില്ലെന്നും യു.ജി.സി ചട്ടങ്ങള്‍ പ്രകാരം ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരമുണ്ടെും ഗവര്‍ണര്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം സിംഗിള്‍ ബെഞ്ച് തള്ളി. സര്‍വകാലാശാലകളിലെ ഭരണ പ്രതിസന്ധിക്ക് അയവുണ്ടാകില്ലെന്ന സൂചനയാണ് രാജ്ഭവന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നത്
Content Highlight: Appointment of temporary VC; Governor to approach Supreme Court