ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു
DOOL PLUS
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2025, 4:44 pm

കോഴിക്കോട്: നഴ്സിങ് മികവിനുള്ള സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. പുരസ്‌കാരത്തിന്റെ അഞ്ചാം പതിപ്പ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറാണ് പ്രഖ്യാപിച്ചത്. 250,000 യു.എസ് ഡോളറാണ് സമ്മാനത്തുക.

രോഗീ പരിചരണം, നഴ്സിങ് രംഗത്തെ നേതൃപാഠവം, നഴ്സിങ് വിദ്യാഭ്യാസം, സോഷ്യല്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ അതുല്യമായ സംഭാവന നല്‍കിയ നഴ്‌സുമാര്‍ക്ക് അവാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാം.

2026 മെയ് മാസത്തിലെ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ നടക്കുന്ന ആഗോള അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും.

ലോകത്തെവിടെയുമുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷകര്‍ക്ക് അവരുടെ ഈ രംഗത്തെ വൈവിധ്യമാര്‍ന്ന പരിശ്രമങ്ങള്‍ എടുത്തുകാണിക്കാനും, അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമായി ഒരു പ്രൈമറി, രണ്ട് സെക്കന്‍ഡറി പ്രവര്‍ത്തന മേഖലകള്‍ വരെ തിരഞ്ഞെടുക്കാമെന്നും ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ അറിയിച്ചു.

199 രാജ്യങ്ങളില്‍ നിന്നായി ഒരുലക്ഷത്തിലധികം നഴ്സുമാരില്‍ നിന്നുള്ള രജിസ്‌ട്രേഷനുകളാണ് കഴിഞ്ഞ വര്‍ഷം അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്.

ആരോഗ്യ പരിചരണത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്ന നഴ്‌സുമാരെ ആദരിക്കുന്നതിനും ഈ മഹത്തായ തൊഴിലിന്റെ ഭാഗമാകാന്‍ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ഈ വര്‍ഷത്തെ അപേക്ഷകള്‍ www.asterguardians.com എന്ന വെബ്‌സൈറ്റിലൂടെ 2025 നവംബര്‍ 10 നകം സമര്‍പ്പിക്കാം.ഇഷ്ട ഭാഷകളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Content Highlight: Applications invited for Aster Guardians Global Nursing Awards