ഇറാനിലെ യുദ്ധത്തിന്റെ അലയൊളികള്‍ നമ്മുടെ വാതില്‍ക്കലും വന്നിരിക്കുകയാണ്. ഇന്ത്യയില്‍ പലയിടത്തും ഗ്യാസ് സിലിണ്ടറിന്റെ ലഭ്യതക്കുറവ് കാരണം വലിയ പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നത്. ഇറാനുമേല്‍ അമേരിക്ക ആദ്യമായി അക്രമിച്ചതു മുതല്‍ കേരളത്തില്‍ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ആ സമയത്ത് അതിനെ പരിഹസിച്ചുകൊണ്ട് പല പേജുകളും രംഗത്തെത്തുകയും ചെയ്തു.
ഇപ്പോഴിതാ ഇടതുപക്ഷത്തിന്റെ പ്രതിഷേധസമയത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. വെനസ്വേലയെ അമേരിക്ക ആക്രമിച്ച സമയത്ത് ഇടതുപക്ഷ സംഘടനകള്‍ കേരളത്തിലുടനീളം പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ആ സമയത്ത് വിനോദയാത്രയിലെ ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് മൂവീ സ്ട്രീറ്റ് എന്ന പേജില്‍ പോസ്റ്റ് പങ്കുവെച്ചത്.
ഒരു കിലോ അരിക്ക് എത്രയാണ് വിലയെന്ന് മീര ജാസ്മിന്‍ അവതരിപ്പിച്ച നായിക നായകനായ വിനോദിനോട് ചോദിക്കുന്നുണ്ട്. അരിയുടെയും വെളിച്ചെണ്ണയുടെയും വിലയും വീട്ടില്‍ ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ചും അറിവില്ലാതെ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നത് എന്തിനാണന്നും ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയോ എന്നുമൊക്കെ അറിയേണ്ടത് മലയാളികളും വിഷയമല്ലെന്നുമാണ് നായിക പറയുന്നത്.
സന്ദേശത്തിന് ശേഷം ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഡയലോഗ് വേറെ കേട്ടിട്ടില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ദി കോക്കനട്ട് ക്രോണിക്കിള്‍സ് എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്. ഈ വര്‍ഷം ജനുവരി അഞ്ചിന് ഷെയര്‍ ചെയ്ത പോസ്റ്റ് വീണ്ടും ആളുകള്‍ കുത്തിപ്പൊക്കി. അരാഷ്ട്രീയ ഡയലോഗുകളെ സപ്പോര്‍ട്ട് ചെയ്തിട്ട് ഇപ്പോള്‍ എങ്ങനെയുണ്ടെന്നാണ് പലരും ചോദിക്കുന്നത്.
ഇപ്പോള്‍ ദീര്‍ഘവീക്ഷണത്തിന്റെ പണി കിട്ടിത്തുടങ്ങിയോ എന്നാണ് പ്രധാന കമന്റ്. ഇത്തരം മണ്ടത്തരങ്ങള്‍ വിഴുങ്ങി നടന്ന മലയാളി ഇപ്പോള്‍ ഗ്യാസിന് വേണ്ടി നെട്ടോട്ടമോടി തുടങ്ങിയെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. ഫേസ്ബുക്കിലെ അരാഷ്ട്രീയവാദികള്‍ക്ക് ഇപ്പോഴെങ്കിലും കാര്യങ്ങള്‍ മനസിലായിട്ടുണ്ടാകുമെന്നും കമന്റുകളുണ്ട്.
‘പോസ്റ്റ് എഴുതിയയാള്‍ ഇപ്പോള്‍ ശൂന്യാകാശത്ത് ഒറ്റക്ക് ഇരിക്കുകയാകും, പാവം,’ ‘ഒരു സിലിണ്ടറിന്റെ ഇപ്പോഴത്തെ വിലയും ഇറാനില്‍ അമേരിക്ക ഇട്ട മിസൈലുകളുടെ എണ്ണവും തമ്മിലുള്ള ബന്ധം ഇപ്പോള്‍ മനസിലായിക്കാണും,’ ‘വലിയ മാസ് പോസ്റ്റാണ് ഇട്ടതെന്ന് കരുതുന്ന പോസ്റ്റുമാനെ ഇത്രയും പേര്‍ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ ആശ്വാസം’ എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.
കഴിഞ്ഞദിവസം സത്യന്‍ അന്തിക്കാടിന്റെ സന്ദേശം എന്ന ചിത്രത്തിലെ ഡയലോഗും ചര്‍ച്ചയായിരുന്നു. ശ്രീനിവാസന്‍ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരന്‍ വിദേശ രാജ്യങ്ങളിലെ അധിനിവേശത്തെക്കുറിച്ച് പറയുന്ന ഡയലോഗ് തമാശരൂപത്തിലാണ് സംവിധായകന്‍ പ്രസന്റ് ചെയ്തത്. എന്നാല്‍ അന്ന് തമാശയായി കേട്ട കാര്യങ്ങള്‍ ഇന്ന് സീരിയസായെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Apolitical dialogue of Sathyan Anthikkad in Vinodayathra movie getting criticisms