ചിന്മയ് കൃഷ്ണദാസിന് പുറമെ ബംഗ്ലാദേശില്‍ ഒരു സന്ന്യാസി കൂടി അറസ്റ്റില്‍
World News
ചിന്മയ് കൃഷ്ണദാസിന് പുറമെ ബംഗ്ലാദേശില്‍ ഒരു സന്ന്യാസി കൂടി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2024, 6:14 pm

ധാക്ക: ബംഗ്ലാദേശില്‍ ഒരു സന്ന്യാസി കൂടി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിന് പിന്നാലെയാണ് മറ്റൊരു സന്ന്യാസി കൂടി കസ്റ്റഡിയില്‍ എടുക്കപ്പെട്ടതായി റിപ്പോര്‍ട്ട് വരുന്നത്.

ബംഗ്ലാദേശിലെ ചട്ടോഗ്രാമില്‍ നിന്നാണ് സന്ന്യാസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്യാം ദാസ് പ്രഭുവാണ് കസ്റ്റഡിയിലായ സന്ന്യാസി. ഇസ്‌കോണ്‍ കൊല്‍ക്കത്ത ഉപാധ്യക്ഷന്‍ രാധാരം ദാസ് ശ്യാം ദാസിന്റെ അറസ്റ്റ് സ്ഥിരീകരിച്ചു. വാറന്റ് ഇല്ലാതെയാണ് ശ്യാം ദാസ് അറസ്റ്റിലായതെന്ന് രാധാരം ദാസ് പറഞ്ഞു.

ഔദ്യോഗികമായ നടപടികള്‍ കൂടാതെ ഒരാളെ അറസ്റ്റ് ചെയ്യാനും പിനീട് വിട്ടയക്കുകയും ചെയ്യുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവും ഇപ്പോള്‍ ഉയരുന്നുണ്ട്. തിങ്കളാഴ്ചയാണ് ചിന്മയ് കൃഷ്ണ ദാസിനെ ധാക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

പുണ്ഡരിക് ധാമിന്റെ പ്രസിഡന്റായ ചിന്മയ് ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്. ധാക്കയില്‍ നിന്ന് ചിറ്റാഗോങിലേക്കുള്ള യാത്രയ്ക്കിടയിലാണ് ചിന്മയിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ചിന്മയിയുടെ അറസ്റ്റിനെ തുടര്‍ന്ന് ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഹരജിയില്‍ ഇടപെടാന്‍ ധാക്ക ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

ഇസ്‌കോണ്‍ മതമൗലികവാദ സംഘടനയാണെന്നും സ്വമേധയ കേസെടുത്ത് നിരോധിക്കണമെന്നുമാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ചട്ടോഗ്രാമിലും രംഗ്പൂരിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Chinmoy Krishna Das

ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റില്‍ ബംഗ്ലയിലെ ഹിന്ദു സമൂഹം പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹരജി ഫയല്‍ ചെയ്തത്. ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിലെ ചിറ്റാഗോങ്ങില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു അഭിഭാഷകന്‍ കൊല്ലപ്പെടുകയുമുണ്ടായി.

സൈഫുല്‍ ഇസ്ലാം അലിഫ് എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. സൈഫുലിന്റെ മരണത്തില്‍ ഇതുവരെ ഒമ്പത് ആളുകളെ ധാക്ക പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. ബംഗ്ലാദേശിലെ 170 ദശലക്ഷം ജനങ്ങളില്‍ ഏകദേശം എട്ട് ശതമാനം ഹിന്ദുക്കളാണ്.

Content Highlight: Apart from Chinmay Krishnadas, one more monk was arrested in Bangladesh