എം.വി. നികേഷ്‌കുമാര്‍ മികച്ച മാധ്യമപ്രവര്‍ത്തകന്‍; മാധ്യമ മുതലാളി എന്ന നിലയില്‍ അങ്ങനെയല്ല: അപര്‍ണ സെന്‍
Kerala News
എം.വി. നികേഷ്‌കുമാര്‍ മികച്ച മാധ്യമപ്രവര്‍ത്തകന്‍; മാധ്യമ മുതലാളി എന്ന നിലയില്‍ അങ്ങനെയല്ല: അപര്‍ണ സെന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 10:12 pm

കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വി എം.വി. നികേഷ്‌കുമാര്‍ ഒരു മികച്ച മാധ്യമപ്രവര്‍ത്തകനാണെന്ന് മാധ്യമപ്രവര്‍ത്തക അപര്‍ണ സെന്‍. ഇന്ത്യയില്‍ തന്നെ എടുത്തുപറയത്തകവിധം കഴിവുള്ള മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹമെന്നും എന്നാല്‍ ഒരു മാധ്യമ മുതലാളി എന്ന നിലയില്‍ അദ്ദേഹം അങ്ങനെയല്ലെന്നും അപര്‍ണ സെന്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഒരു വാര്‍ത്ത വരുമ്പോള്‍ എം.വി. നികേഷ് കുമാറിന്റെ എനര്‍ജി തന്നെ മാറുന്നത് നേരില്‍ കണ്ടിട്ടുണ്ട്. ന്യൂസ് ഡെസ്‌ക്കിനെ മുഴുവനായും എങ്കറേജ് ചെയ്യപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം അപ്പോള്‍ ആക്ട് ചെയ്യുന്നത്. ന്യൂസ് റൂമിന് വേണ്ട ചടുലത ഉണ്ടാക്കിയെടുക്കാന്‍ സെക്കന്റുകള്‍ കൊണ്ട് നികേഷ്‌കുമാറിന് കഴിയും.

എന്നാല്‍, മാധ്യമമുതലാളി അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേഷന് എന്ന് പറയുന്നത് മറ്റൊരു വിഭാഗമാണ്. അതില്‍ അദ്ദേഹം എത്രത്തോളം വിജയിക്കുന്നുണ്ട് എന്നത് എനിക്ക് അറിയില്ല. അദ്ദേഹം ഒരു മാധ്യമ മുതലാളിയല്ല നല്ല മാധ്യമപ്രവര്‍ത്തകനാണ്.

മാധ്യമ മുതലാളിയാകുമ്പോള്‍ കുറച്ചുകൂടി കണ്ണിങ്ങായിരിക്കണം. വ്യവസായം നടത്തുമ്പോള്‍ കുറച്ച് തന്ത്രങ്ങള്‍ അറിഞ്ഞിരിക്കണം. അക്കാര്യത്തില്‍ അത്രയും തന്ത്രം അദ്ദേഹത്തിനില്ല. ജേര്‍ണലിസത്തില്‍ കാണിക്കുന്ന തന്ത്രം വ്യവസായത്തില്‍ കാണിക്കുന്നയാളാണെന്ന് തോന്നിയിട്ടില്ല,’ അപര്‍ണ സെന്‍ പറഞ്ഞു.

തന്റെ വളര്‍ച്ചയില്‍ റിപ്പോര്‍ട്ടര്‍ ടി.വിക്ക് വലിയ റോളുണ്ട്. ശബ്ദം കൊള്ളില്ല എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ മാറ്റി നിര്‍ത്തലുകള്‍ നേരിട്ടയാളാണ് താനെന്നും നിലപാടുകളിലൂന്നി മാധ്യമപ്രവര്‍ത്തനം നടത്തണം എന്ന ആഗ്രഹത്തിന് പുറത്താണ് ഓഫറുകള്‍ വന്നിട്ടും റിപ്പോര്‍ട്ട് ടി.വിയില്‍ തന്നെ തുടരുന്നതെന്നും അപര്‍ണ സെന്‍ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും കോണ്‍ഫിഡന്‍സ് ദിലീപിനായിരുന്നു. എന്നാല്‍ അതേ ദിലീപിനെ ഈ കേസില്‍ ഉത്തരം പറയാന്‍ നിര്‍ബന്ധിതനാക്കിയത് റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഇടപെടലാണെന്നും അപര്‍ണ സെന്‍ പറഞ്ഞു.