നവാഗതനായ വി.ആര്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. തെരുവിലെ സ്ത്രീ ജീവിതങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ അപര്‍ണ നായാരാണ് നായികയാവുന്നത്.

അപര്‍ണയുടെ കരിയറില്‍ ലഭിക്കുന്ന മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും സ്ട്രീറ്റ് ലൈറ്റിലേത്. കോക്‌ടെയില്‍, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു അപര്‍ണ ചെയ്തത്.[]

ചിത്രത്തില്‍ ഒരു തെരുവ് വേശ്യയുടെ വേഷത്തിലാണ് അപര്‍ണ എത്തുന്നത്. ഏറെ സാമൂഹിക പ്രസക്തിയുള്ള ചിത്രമായിരിക്കും സ്ട്രീറ്റ് ലൈറ്റ് എന്നും സംവിധായകന്‍ പറയുന്നു.

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവേണ്ടി വന്ന പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്. വഞ്ചിക്കപ്പെട്ട് ചുവന്ന തെരുവുകളിലെത്തുന്ന ഹിമ എന്ന പെണ്‍കുട്ടിയെയാണ് അപര്‍ണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സ്വന്തം പിതാവിനാല്‍ പീഡിപ്പിക്കപ്പെടുന്ന ഹിമ ഒടുവില്‍ ചുവന്ന തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നു. അവിടെ നിന്നും രക്ഷപ്പെടാന്‍ അവള്‍ നടത്തുന്ന ശ്രമങ്ങളും തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്.

ഹിമയുടെ ജീവിതത്തിലെ അഞ്ച് ഘട്ടങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. എയ്ഡ്‌സ് ഇരകളായവരുടെ ജീവിതത്തിലേക്കും ചിത്രം വിരല്‍ ചൂണ്ടുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

ഇര്‍ഷാദ്, പ്രവീണ്‍ പ്രേം, കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശങ്കര്‍ തന്നെ എഴുതിയ “ഒരു പെണ്ണും പറയാത്തത്” എന്ന നോവലിന്റെ ചലചിത്രാവിഷ്‌കാരം കൂടിയാണ് സ്ട്രീറ്റ് ലൈറ്റ്.

ചിത്രത്തിന്റെ കഥ തന്റെ ഭാവനയ്ക്കനുസരിച്ച് ഉണ്ടാക്കിയതല്ലെന്നും സമൂഹത്തില്‍ താന്‍ കണ്ട കാര്യങ്ങളാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചതെന്നും സംവിധായകന്‍ പറയുന്നു.