അപര്‍ണ കുറുപ്പിനെ അധിക്ഷേപിച്ചതില്‍ വിനായകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
Kerala
അപര്‍ണ കുറുപ്പിനെ അധിക്ഷേപിച്ചതില്‍ വിനായകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th August 2025, 7:38 pm

തിരുവനന്തപുരം: ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപര്‍ണ കുറുപ്പിനെതിരായ അസഭ്യവര്‍ഷത്തില്‍ നടന്‍ വിനായകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. സംസ്ഥാന വനിതാ കമ്മീഷന്റേതാണ് ഉത്തരവ്.

ഐ.ടി ആക്ട് 67, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള നിയമം, ബി.എന്‍.എസ് അപവാദ പ്രചാരണം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

അതേസമയം അപര്‍ണ കുറുപ്പിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതില്‍ കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റും ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അപര്‍ണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപങ്ങള്‍ സ്ത്രീത്വത്തിനെതിരായ അതിക്രമവും അങ്ങേയറ്റം അവഹേളനപരവുമാണെന്ന് കെ.യു.ഡബ്ലിയു.ജെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

വാര്‍ത്താസംവാദങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളോടോ വിഷയങ്ങളോടോ വിയോജിപ്പുണ്ടെങ്കില്‍ മാന്യമായി ചോദ്യം ചെയ്യുന്നതിനും പ്രതിഷേധിക്കുന്നതിനും സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ, അതിന് മുതിരാതെ അധിക്ഷേപ വര്‍ഷത്തിനും അവഹേളനത്തിനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കെ.യു.ഡബ്ലിയു.ജെ വ്യക്തമാക്കിയിരുന്നു.

ക്രിമിനല്‍ നടപടിയില്‍ വിനായകനെ അറസ്റ്റ് ചെയ്യണമെന്നും വനിതാ മാധ്യമപ്രവര്‍ത്തകയെ മോശമായി ചിത്രീകരിച്ചതിനും അവഹേളിച്ചതിനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേ സംഭവത്തില്‍ ഒന്നിലധികം വ്യക്തികള്‍ വിനായകനെതിരെ നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പരാതികളില്‍ ഒന്നും തന്നെ നടപടിയുണ്ടായില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് വനിതാ കമ്മീഷന്റെ നിര്‍ദേശം.

Content Highlight: Instructions to file a case against Vinayakan for insulting Aparna kurup