ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അപർണ ബാലമുരളി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലെ ജിംസി എന്ന കഥാപാത്രത്തിലൂടെ അപർണ പ്രേക്ഷകപ്രിയങ്കരിയായി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയും, ചില സിനിമകൾക്ക് വേണ്ടി ഗാനം ആലപിക്കുകയും ചെയ്തു.
മലയാളത്തിന് പുറമേ തമിഴിലേക്കും ചേക്കേറിയ അപർണയെ കാത്തിരുന്നത് ദേശീയ പുരസ്കാരമാണ്. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത്. അഭിനയം കൂടാതെ ബിസിനസ് മേഖലയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് അപർണ. അപർണയും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന ഇവൻ്റ് കമ്പനിയാണ് എലീഷ്യൻ ഡ്രീംസ്‌കേപ്‌സ്. ഇപ്പോൾ തൻ്റ സംരംഭത്തെക്കുറിച്ച് സംസാരിക്കുകയാണ് അപർണ ബാലമുരളി.
സെലിബ്രിറ്റിയായതുകൊണ്ട് സംരംഭം തുടങ്ങാൻ എളുപ്പമാണെന്ന് വിചാരിക്കുന്നവരുണ്ടെന്നും എന്നാൽ അങ്ങനെയല്ലെന്നും അപർണ പറയുന്നു. ഏതുമേഖലയിലും കടന്നുചെല്ലുമ്പോൾ പ്രതിസന്ധികളുണ്ടാകുമെന്നും ഈ മേഖലയിൽ തങ്ങൾ തുടക്കക്കാരാണെന്നും അവർ പറഞ്ഞു.
ആരുമായും മത്സരിക്കാൻ നോക്കുന്നില്ലെന്നും തങ്ങളാൽ കഴിയുന്ന പോലെ മുന്നോട്ട് പോകുമെന്നും നടി കൂട്ടിച്ചേർത്തു. സെലിബ്രിറ്റി ടാഗുള്ളതുകൊണ്ട് വർക്ക് കിട്ടില്ലെന്നും അതിന് അനുഭവസമ്പത്ത് വേണമെന്നും അപർണ ബാലമുരളി പറയുന്നു. സ്റ്റാർ& സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു നടി.
‘സെലിബ്രിറ്റിയായതുകൊണ്ട് സംരംഭം തുടങ്ങാൻ എളുപ്പമാണെന്ന് വിചാരിക്കുന്നവരുണ്ട്. അങ്ങനെയല്ല. ഏതൊരു മേഖലയിലും ആദ്യമായി കടന്നുചെല്ലുമ്പോൾ പ്രതിസന്ധികളുണ്ടാവും. ഇവൻ്റ് മേഖലയിൽ ഞങ്ങൾ തുടക്കക്കാരാണ്. അനുഭവസമ്പത്തുള്ള ആളുകളുമായൊന്നും മത്സരിക്കാൻ നോക്കുന്നില്ല. പക്ഷേ, നമ്മളാൽ കഴിയുന്നതുപോലെ നിർദോഷമായി പരമാവധി മുന്നോട്ടുപോവുക എന്നതേയുള്ളൂ. കഠിനമായി പ്രയത്നിക്കണം.
എല്ലാ പരിപാടികളും കോർഡിനേറ്റ് ചെയ്യാറുണ്ട്. പക്ഷേ, അതൊന്നും എളുപ്പമല്ല. സെലിബ്രിറ്റി ടാഗുള്ളതുകൊണ്ട് ഒരിക്കലും വർക്ക് നമ്മുടെ അടുത്തേക്ക് വരില്ല. അങ്ങനെ പ്രതീക്ഷിക്കാനുമാകില്ല. അതിന് അനുഭവം വലിയൊരു വിഷയം തന്നെയാണ്. അനുഭവപരിചയമുള്ള കമ്പനികളെ ഫോളോ ചെയ്യാറുണ്ട്. നല്ല നല്ല വർക്കുകൾ റഫർ ചെയ്യാറുണ്ട്,’ അപർണ ബാലമുരളി പറയുന്നു.
Content Hihghlight: Aparna Balamurali Talking about her Business