തുടർച്ചയായി ആളുകൾ വണ്ണത്തെക്കുറിച്ച് സംസാരിച്ചു, ബുദ്ധിമുട്ട് തോന്നി; ധനുഷ് നൽകിയ ആത്മവിശ്വാസത്തെക്കുറിച്ച് അപർണ ബാലമുരളി
Malayalam Cinema
തുടർച്ചയായി ആളുകൾ വണ്ണത്തെക്കുറിച്ച് സംസാരിച്ചു, ബുദ്ധിമുട്ട് തോന്നി; ധനുഷ് നൽകിയ ആത്മവിശ്വാസത്തെക്കുറിച്ച് അപർണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th September 2025, 4:29 pm

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് അപർണ ബാലമുരളി. സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ നടി പിന്നീട് സിനിമാമേഖലയിൽ സജീവമാകുകയായിരുന്നു.

അഭിനയത്തിന് പുറമേ ​ഗായിക എന്ന ലേബലിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അപർണ. മലയാളത്തിന് പുറമെ തമിഴിലും മികച്ച വേഷങ്ങൾ ചെയ്തു അപർണ. സൂററൈ പോട്ര് എന്ന സിനിമയിലൂടെ ദേശീയ അവാർഡും നടി സ്വന്തമാക്കിയിട്ടുണ്ട്.

ഒരു സമയത്ത് അപർണക്ക് തടി കൂടിയത് എല്ലാവരും ചർച്ചയാക്കിയിരുന്നു. ആ സമയത്ത് ധനുഷിന്റെ കൂടെ റായൻ എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു അപർണ.

അപർണക്ക് ആത്മവിശ്വാസം നൽകിയത് ധനുഷും ആ സിനിമയുടെ ടീമും ആണ്. അപർണക്ക് തടി കൂടിയത് കാരണം എല്ലാവരും അവരെ തളർത്താൻ നോക്കിയിരുന്നു എന്ന് അപർണ പറഞ്ഞിട്ടുണ്ട്. ആദ്യമൊന്നും അത് ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് എല്ലാവരും പറഞ്ഞപ്പോൾ ബോധപൂർവം ഓരോന്നും ശ്രദ്ധിക്കാനും തുടങ്ങി.

തുടർച്ചയായി ആളുകൾ വണ്ണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെന്നും അപർണ പറഞ്ഞിട്ടുണ്ട്. വണ്ണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നും ബുദ്ധിമുട്ടിയിട്ടുണ്ടെന്നുമാണ് നടി പറഞ്ഞത്. ഇവരൊക്കെ ചിന്തിക്കാതെ സംസാരിക്കുന്നതെന്താണെന്ന് തോന്നിപ്പോകുമെന്നും എന്തിനാണിങ്ങനെ സംസാരിക്കുന്നതെന്നുമാണ് അപർണ ചോദിക്കുന്നത്.

ഇപ്പോൾ നടിയുടെ ഭാരം കുറഞ്ഞെങ്കിലും റായൻ സിനിമ ചെയ്യുന്ന സമയത്ത് ടീമിലെ ആരും ബോധപൂർവമോ അല്ലാതെയോ തന്നോട് മോശമായി സംസാരിച്ചിട്ടില്ലെന്ന് അപർണ ഓർക്കുന്നു. സ്‌ക്രീനിൽ ഏറ്റവും നന്നായിട്ട് പെർഫോം ചെയ്യുക എന്നേ അവർക്കുണ്ടായിരുന്നുള്ളൂ. വളരെയധികം ആത്മവിശ്വാസം കിട്ടിയ സിനിമയാണ് ‘റായൻ’ എന്നും ഒരോർമ പോലെ ചെറുപുഞ്ചിരിയിൽ അപർണ പറയുന്നു.

അവരോടൊക്കെ അപർണക്ക് നന്ദിയുണ്ട്. എത്ര ഉയരത്തിൽ എത്തിയാലും കഴിഞ്ഞ് പോയ സമയവും തനിക്ക് കിട്ടിയ ആത്മവിശ്വാസവും ഒരിക്കലും അപർണ മറക്കില്ല.

ചെയ്യുന്ന എല്ലാ കാര്യവും വളരെ അത്മാർത്ഥമായി ചെയ്യുന്ന വ്യക്തിയാണ് അപർണ. അത് അഭിനയമാണെങ്കിലും ഗായികയാണെങ്കിലും, നൃത്തമാണെങ്കിലും. ഇപ്പോളൊരു സംരഭക കൂടിയാണ് അപർണ.

Content Highlight: Aparna Balamurali on the confidence given by Dhanush