കൊച്ചി: ഇന്ന് ഈ ഭൂമിയില്‍ സത്യം, നീതി, നന്മ എല്ലാം വിലയ്ക്ക് വാങ്ങാം എന്ന് പ്രതികരിച്ച് ഗാനരചയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പി.
നടിക്ക് എതിരായ അക്രമണത്തില്‍ വിധി പുറത്തുവന്നതിന് പിന്നാലെയാണ് വായിച്ച ഒരു പുസ്തകത്തെ കുറിച്ച് പറയുന്നെന്ന രീതിയില്‍ കവി പരോക്ഷമായ വിമര്‍ശനം നടത്തിയത്.
‘”വിലയ്ക്കു വാങ്ങാം” ഞാൻ ഇന്ന് വായിക്കാൻ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ” কড়ি দিয়ে কিনলাম “ന്റെ മലയാള പരിഭാഷ “വിലയ്ക്കു വാങ്ങാം”. മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല . സത്യമല്ലേ ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം , നീതി, നന്മ – എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു.,’ ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു.
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് പ്രതികരിക്കുന്നത്. കോടതി വിധി എന്തുതന്നെ ആയാലും എപ്പോഴും അതിജീവിതയ്ക്ക് ഒപ്പമെന്ന് ഗായിക ചിന്മയി പ്രതികരിച്ചിരുന്നു.
എം.എല്‍.എമാരായ കെ.കെ. രമയും ഉമാ തോമസും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒപ്പമാണെന്ന് പ്രതികരിച്ചിരുന്നു. പി.ടി. തോമസിന്റെ ആത്മാവ് ഈ കേസിന്റെ വിധിയില്‍ ഒരിക്കലും തൃപ്തനാകില്ലെന്നായിരുന്നു ഉമ തോമസിന്റെ പ്രതികരണം.
കോടതി മുറികളിൽ സാങ്കേതികമായി പരാജയപ്പെട്ടാലും സമൂഹ മനഃസാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോർമുഖത്തും വിജയിച്ചു നിൽക്കുകയാണ് അതിജീവിത. അവളുടെ ഉയർത്തെഴുന്നേൽപ്പ് ഒരു ചരിത്രമാണെന്നായിരുന്നു കെ.കെ. രമയുടെ പ്രതികരണം.
അതേസമയം, കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീലിന് പോകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. വ്യവസായ മന്ത്രി പി. രാജീവാണ് സര്‍ക്കാര്‍ തീരുമാനം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
അതേസമയം, കേസില് എട്ടാം പ്രതിയായ നടന് ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള് ഉയര്ന്നിരുന്നെങ്കിലും കോടതിയില് തെളിയിക്കുന്നതില് പ്രോസിക്യൂഷന് പരാജയപ്പെട്ടിരുന്നു. തുടര്ന്നാണ് ദിലീപിനെ കോടതി കുറ്റവിമുക്തമാക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസില് ഇന്ന് (തിങ്കളാഴ്ച) രാവിലെ പതിനൊന്നോടെയാണ് കോടതി വിധി പുറത്തുവന്നത്. ഒന്നുമുതല് ആറ് വരെയുള്ള എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി .ഏഴ് മുതല് 10 വരെയുള്ള പ്രതികള്ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതി വിധി.
ഗൂഢാലോചന കുറ്റം തെളിയിക്കുന്നതില് പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും വിധിയില് പറഞ്ഞിരുന്നു. പള്സര് സുനിയാണ് കേസിലെ ഒന്നാം പ്രതി. മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി. വിജീഷ്, എച്ച്, സലിം, പ്രദീപ്, ചാര്ലി തോമസ്, സനില്കുമാര്, ജി. ശരത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്.
Content Highlight: Anything can be bought at a price; truth, justice, goodness are all: Sreekumaran Thampi