'അന്വേഷിപ്പിന്‍ കണ്ടെത്തും'; ടൊവിനോയുടെ ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്
Film News
'അന്വേഷിപ്പിന്‍ കണ്ടെത്തും'; ടൊവിനോയുടെ ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st January 2024, 5:32 pm

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി.

പോസ്റ്ററിന് പുറമെ ടൊവിനോക്ക് പിറന്നാള്‍ സമ്മാനമെന്നോണം അതിഗംഭീര മാഷപ്പ് വീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

താരത്തിന്റെ റിലീസിന് ഒരുങ്ങിനില്‍ക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയേറ്ററില്‍ റിലീസിനെത്തുന്നത്.

തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം എന്നിവര്‍ക്കൊപ്പം സരിഗമയുടെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ഥ് ആനന്ദ് കുമാറും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ ചെറുവള്ളി പൊലീസ് സ്റ്റേഷന്‍ എസ്.ഐ. ആനന്ദ് നാരായണനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

പൊലീസ് വേഷത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്ന ആദ്യ മലയാള സിനിമയാണിത്.

ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസ് വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഗൗതം ശങ്കര്‍, ചിത്രസംയോജനം: സൈജു ശ്രീധര്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, വിഷ്വല്‍ പ്രൊമോഷന്‍: സ്‌നേക്ക്പ്ലാന്റ്, പി.ആര്‍.ഒ: ശബരി.

Content Highlight: Anweshippin Kandethum; Tovino’s birthday special poster is out