സോണിയയുടെ പരാമര്‍ശം ഇന്ത്യയെ ശിഥിലമാക്കാനുളള ഗൂഢാലോചന: അനുരാഗ് ഠാക്കൂര്‍
national news
സോണിയയുടെ പരാമര്‍ശം ഇന്ത്യയെ ശിഥിലമാക്കാനുളള ഗൂഢാലോചന: അനുരാഗ് ഠാക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th May 2023, 6:25 pm

ന്യൂദല്‍ഹി: കര്‍ണാടകയുടെ പരമാധികാരത്തെ കുറിച്ചുള്ള മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരാമര്‍ശം ഇന്ത്യയെ ശിഥിലമാക്കാനുളള പാര്‍ട്ടിയുടെ ഗൂഢാലോചനയാണ് വെളിപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.

സോണിയയുടെ പരാമര്‍ശത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ വിമര്‍ശനം.

കര്‍ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതക്കോ കളങ്കം വരുത്താന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു കര്‍ണാടകയിലെ പ്രസംഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞത്.’സി.പി.പി അധ്യക്ഷ സോണിയ ഗാന്ധി 6.5 കോടി വരുന്ന കന്നഡിഗര്‍ക്ക് ശക്തമായ സന്ദേശം നല്‍കുന്നു. കര്‍ണാടകയുടെ സല്‍പ്പേരിനും അഖണ്ഡതക്കും ഭീഷണിയാവാന്‍ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ല’, എന്ന് കോണ്‍ഗ്രസ് ഒഫിഷ്യല്‍ പേജില്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

‘സോണിയ ഗാന്ധി, നിങ്ങള്‍ ഇന്ത്യയെ ശിഥിലമാക്കാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് വെളിപ്പെടുത്തിയത്’, എന്നായിരുന്നു അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്.

സോണിയ ഗാന്ധിയോ അവരുടെ പാര്‍ട്ടിയോ ഇന്ത്യയെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടില്ലെന്നും കന്നഡിയന്‍സ് കോണ്‍ഗ്രസിന്റെ ഗെയിം പ്ലാന്‍ പരാജയപ്പെടുത്തുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ജനവികാരത്തിന് വിരുദ്ധമായി കര്‍ണാടകയില്‍ എങ്ങനെയാണ് കോണ്‍ഗ്രസ്
പ്രവര്‍ത്തിച്ചിട്ടുളളതെന്നും ബി.ജെ.പിയെ പരിഹസിക്കാന്‍ കര്‍ണാടകയില്‍ പ്രത്യേക പതാക കൊണ്ടുവരാനുളള കോണ്‍ഗ്രസ് നീക്കത്തെയും ജനങ്ങള്‍ മറന്നിട്ടില്ലെന്നും ഠാക്കൂര്‍ പറഞ്ഞു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സിദ്ധരാമയ്യ സര്‍ക്കാര്‍ സംസ്ഥാന പതാകയ്ക്ക് പുതിയ ഡിസൈന്‍ കൊണ്ടുവരുകയും കേന്ദ്രത്തിന് പ്രപ്പോസല്‍ അയക്കുകയും ചെയ്തിരുന്നു. ഈ നീക്കത്തെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു ഠാക്കൂറിന്റെ പരാമര്‍ശം.


അതേസമയം, കഴിഞ്ഞ ദിവസം സോണിയ ഗാന്ധി കര്‍ണാടകയില്‍ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്. സോണിയയുടെ പരാമര്‍ശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബി.ജെ.പി ആരോപിക്കുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാളാണ് കര്‍ണാടകയിലെ വോട്ടെടുപ്പ്.

Contenthighlight: Anurag Thakur against Sania Gandhi sovereignity