ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. പാഞ്ച് എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച അനുരാഗ് കശ്യപ് പിന്നീട് നോ സ്മോക്കിങ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. ഇന്ത്യന്‍ സിനിമ അതുവരെ കാണാത്ത തരത്തില്‍ ഗ്യാങ്സ് ഓഫ് വസേപൂര്‍ എന്ന ചിത്രം പുറത്തിറക്കിയതോടെ ഇന്ത്യ മുഴുവന്‍ അനുരാഗ് കശ്യപ് ശ്രദ്ധേയനായി.
ഇപ്പോള്‍ ബോളിവുഡിലെ തന്റെ പ്രിയപ്പെട്ട നെപ്പോ കിഡ് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അനുരാഗ് കശ്യപ്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അനന്യ പാണ്ഡെ, അയന്‍ മുഖര്‍ജി തുടങ്ങിയവരെ ഇഷ്ടമാണെന്നും എന്തുകൊണ്ടാണ് അനന്യ പാണ്ഡെയെ ഇഷ്ടപ്പെടുന്നതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ദി ജഗ്ഗര്‍നൗട്ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വളരെ മുമ്പ് ഒരു അഭിമുഖത്തില്‍ സിദ്ധാന്ത് ചതുര്‍വേദി പറഞ്ഞിരുന്നു, ‘നിങ്ങളുടെ പോരാട്ടങ്ങള്‍ ആരംഭിക്കുന്നിടത്ത് ഞങ്ങളുടെ പോരാട്ടങ്ങള്‍ അവസാനിക്കുന്നു’ എന്ന്. നെപ്പോട്ടിസത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അനന്യക്ക് അത് മനസിലായി എന്ന് ഞാന്‍ കരുതുന്നു. അവള്‍ അത് വളരെ വ്യക്തിപരമായി എടുത്തു.
അതിനുശേഷം അവള്‍ മാറിയോ എന്തോ, അവളുടെ ഉള്ളില്‍ എന്തോ ഒരു മാറ്റം വന്നിട്ടുണ്ട്. അതിനുശേഷമാണ് സി.എന്‍.ടി.ആര്‍.എല്‍, ഖോ ഗയേ ഹം കഹാന്‍, ഗെഹ്രയാന്‍ എന്നിങ്ങനെയുള്ള സിനിമകളില്‍ അനന്യ അഭിനയിക്കുന്നത്. അവളുടെ ഉള്ളില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍ അവള്‍ സ്വയം കണ്ടെത്തുകയോ സ്വയം കണ്ടെത്താനുള്ള ശ്രമത്തിലോ ആണ്.
എന്തുതന്നെയായാലും അവള്‍ ഇപ്പോള്‍ മികച്ച സിനിമകളാണ് ചെയ്യുന്നത്. അനന്യ റിസ്‌ക് എടുക്കുന്നുണ്ട്. അവള്‍ വളരെ പക്വതയുള്ളവളാണ്. പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാകുന്നുണ്ട്. ഇന്‍ഡസ്ട്രിയില്‍ മറ്റ് നെപ്പോ കിഡുകളില്‍ നിന്ന് വ്യത്യസ്തമായി അനന്യ സെയ്ഫ് സോണില്‍ നിന്നല്ല കളിക്കുന്നത്,’ അനുരാഗ് കശ്യപ് പറയുന്നു.