എന്റെ ഡിപ്രഷന്‍ മാറ്റിയത് മലയാളസിനിമ, ആ മലയാളനടിയുടെ കൂടെ എന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ചത് കണ്ണ് നിറയിച്ചു: അനുരാഗ് കശ്യപ്
Malayalam Cinema
എന്റെ ഡിപ്രഷന്‍ മാറ്റിയത് മലയാളസിനിമ, ആ മലയാളനടിയുടെ കൂടെ എന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ചത് കണ്ണ് നിറയിച്ചു: അനുരാഗ് കശ്യപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th August 2025, 7:57 pm

കാഴ്ചയുടെ പുത്തന്‍ അനുഭവത്തിന് വഴിയൊരുക്കിയ ഇന്ത്യന്‍ സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. ബോളിവുഡില്‍ തന്റേതായ ശബ്ദം ഉയര്‍ത്തിയതിനാല്‍ പലപ്പോഴും അനുരാഗിന്റെ ചിത്രങ്ങളെ ഇന്‍ഡസ്ട്രി ഒട്ടാകെ അവഗണിച്ചിരുന്നു. ഗ്യാങ്‌സ് ഓഫ് വസേപ്പൂര്‍, നോ സ്‌മോക്കിങ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനുരാഗ് കശ്യപ് അഭിനേതാവായും ഞെട്ടിച്ചിട്ടുണ്ട്.

ബോളിവുഡിനോട് പൂര്‍ണമായും വിടപറഞ്ഞ് സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുകയാണെന്ന് അനുരാഗ് കശ്യപ് അടുത്തിടെ അറിയിച്ചിരുന്നു. തനിക്ക് ഇണങ്ങുന്നത് സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണെന്നും മികച്ച കഥകളുണ്ടാകുന്നത് ഇവിടെയാണെന്നും അദ്ദേഹം പറയുന്നു. മലയാളസിനിമയില്‍ ലഭിച്ച വരവേല്പിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘ഞാന്‍ ഡിപ്രഷനിലേക്ക് വഴുതിവീണിരുന്നു. അതില്‍ നിന്ന് ഈയിടെയാണ് കരകയറിയത്. ഇപ്പോള്‍ ഞാന്‍ എന്നെത്തന്നെ എന്‍ജോയ് ചെയ്യുകയാണ്. ഇക്കാര്യം പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. ഡിപ്രഷനില്‍ നിന്ന് കരകയറാന്‍ എന്നെ സഹായിച്ചത് സിനിമകളാണ്. എല്ലാകാലത്തും സിനിമകള്‍ മാത്രമേ എന്റെ കൂടെയുണ്ടായിരുന്നുള്ളൂ. ഹിന്ദി സിനിമകള്‍ കാണുന്നത് പാടേ നിര്‍ത്തി.

മലയാള സിനിമകളാണ് ഞാന്‍ ഏറ്റവും ആസ്വദിച്ച് കണ്ടത്. റൈഫിള്‍ ക്ലബ്ബിന്റെ ഷൂട്ടിന് വേണ്ടി പോയപ്പോള്‍ വിചിത്രമായ ഒരു കാര്യം നടന്നു. എന്റെ ലൈഫ് ചെയ്ഞ്ചിങ് മൊമന്റായിരുന്നു അത്. ആഷിക് അബുവിനോടും ശ്യാം പുഷ്‌കരിനോടുമാണ് അതിന് ഞാന്‍ നന്ദി പറയുക. ഞാന്‍ ഷൂട്ടിന് ചെന്ന സമയത്ത് എന്റെ ബര്‍ത്ത്‌ഡേയായിരുന്നു.

എന്റെയും മഞ്ജു വാര്യറുടെയും ബര്‍ത്ത്‌ഡേ ഒരേ ദിവസമായിരുന്നു. ഞങ്ങള്‍ പരസ്പരം വിളിച്ച് വിഷ് ചെയ്തു. ഒരുപാട് കാലമായി അവരുമായി സൗഹൃദത്തിലാണ് ഞാന്‍. പിന്നീട് ഇന്ദ്രജിത്തൊക്കെ വിളിച്ചിട്ട് ‘ബര്‍ത്ത്‌ഡേ ആഘോഷിക്കാം, അടിച്ചുപൊളിക്കാം’ എന്ന് പറഞ്ഞു. ലിജോയും ഇന്ദ്രജിത്തും തുടങ്ങി ഒരുപാട് പേര്‍ അന്ന് പരിപാടിക്ക് വന്നു,’ അനുരാഗ് കശ്യപ് പറയുന്നു.

തനിക്ക് പ്രചോദനമായവരും താന്‍ കാരണം സിനിമയിലേക്ക് വന്നെന്ന് പറയുന്നവരുമെല്ലാം അന്ന് തന്റെ പിറന്നാളിന് വന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അതൊരു പുതിയ അനുഭവമായിരുന്നെന്നും ഹിന്ദിയില്‍ എല്ലാവരും തന്നെ ഒഴിവാക്കുകയാണ് പതിവെന്നും അനുരാഗ് കശ്യപ് പറയുന്നു. തന്നെ ഒരു ദുശ്ശകുനമായാണ് ബോളിവുഡ് കാണുന്നതെന്നും മുഖം നോക്കാതെ കാര്യം പറയുന്ന ആളായതുകൊണ്ടാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ കൂടെ വര്‍ക്ക് ചെയ്താല്‍ വലിയ പ്രൊഡക്ഷന്‍ ഹൗസുകളൊന്നും അടുപ്പിച്ചേക്കില്ല എന്നൊരു പേടി ബോളിവുഡിലുണ്ട്. അതുകൊണ്ട് എന്നെ പലരും ഒഴിവാക്കുകയാണ് പതിവ്. അപ്പോഴാണ് മറ്റൊരു ഇന്‍ഡസ്ട്രിയില്‍ എന്റെ സിനിമകള്‍ ഇന്‍സ്പയര്‍ ചെയ്‌തെന്ന് പറയുന്ന ഒരുകൂട്ടം ആളുകളെ കണ്ടത്. ചെറുതായി എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ ഡിപ്രഷനിലാണെന്ന് അറിഞ്ഞ് അവര്‍ എന്നെ സഹായിക്കാനായി അവരെല്ലാം ഒത്തുകൂടി. അതെന്നെ വല്ലാതെ സഹായിച്ചു,’ അനുരാഗ് കശ്യപ് പറഞ്ഞു.

Content Highlight: Anurag Kashyap saying Malayalam cinema helped him to come out from depression